നെതര്‍ലാന്‍ഡ്‌സിനെതിരെ 25 റണ്‍സ് വിജയം സ്വന്തമാക്കി ബംഗ്ലാദേശ് സൂപ്പര്‍ എട്ടിനരികെ
ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ ബംഗ്ലാദേശും നെതര്‍ലാന്‍ഡ്‌സും തമ്മില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിന് തോല്‍വി. ടോസ് നഷ്മായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് എടുത്തിരുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍ഡ്‌സിന് പക്ഷേ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമെ എടുക്കാന്‍ സാധിച്ചുള്ളു. ജയിച്ചതോടെ ബംഗ്ലാദേശ് നാല് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമത് എത്തി. സൂപ്പര്‍ എട്ടിന് അരികിലാണെങ്കിലും നേപ്പാളിനെതിരെയുള്ള മത്സരത്തില്‍ വിജയിച്ചാല്‍ സൂപ്പര്‍ എട്ടില്‍ പ്രവേശിക്കാം. ആറ് ഓവര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ രണ്ട് വിക്കറ്റ് നെതര്‍ലാന്‍ഡ്‌സിന് നഷ്ടമായിരുന്നു. നാലാം ഓവറിലെ രണ്ടാംപന്തില്‍ ഓപ്പണര്‍മാരില്‍ ഒരാളായ മൈക്കല്‍ ലെവിറ്റിനെ തൗഹിദ് ഹൃദോയ് ക്യാച്ച് എടുത്ത് പുറത്താക്കി. ടസ്‌കിന്‍ അഹമ്മദിനായിരുന്നു നെതര്‍ലാന്‍ഡ്‌സിന്റെ ആദ്യ വിക്കറ്റ്. ആറാം ഓവറിന്റെ നാലാംബോളില്‍ നെതര്‍ലന്റ്‌സിന്റെ ഓപ്പണറായി എത്തിയ മാക്‌സ് ഓഡ്വേഡ് പുറത്തായി.തന്‍സിം ഹസ്സന്‍ സാക്കിബിനായിരുന്നു വിക്കറ്റ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതാണ് നെതര്‍ലന്‍ഡ്സിന് തിരിച്ചടിയായത്. 22 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്റ്റ്, 16 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത വിക്രംജിത്ത് സിങ്, 23 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്സ് എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്.
മൈക്കല്‍ ലെവിറ്റ് 18 റണ്‍സ്, മാക്സ് ഒഡ്വോഡ് 12 റണ്‍സ്, ബാസ് ഡി ലീഡെ പൂജ്യം എന്നീ താരങ്ങള്‍ നിരാശപ്പെടുത്തി. ബംഗ്ലാദേശിനായി റിഷാദ് ഹുസൈന്‍ മൂന്നു വിക്കറ്റും ടസ്‌കിന്‍ അഹമ്മദ് രണ്ടു വിക്കറ്റും വീഴ്ത്തി. നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്റെ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് എടുത്തിരുന്നത്. ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയും, ലിറ്റണ്‍ ദാസും ഓരോ റണ്‍ വീതം എടുക്കാന്‍ അനുവദിച്ച് ആദ്യമെ തന്നെ നെതര്‍ലാന്‍ഡ്്‌സ് ബൗളര്‍മാര്‍ മടക്കി. പിന്നീട് എത്തിയ തന്‍സിദ് ഹസന്‍, മഹ്മദുള്ള എന്നിവരുടെ കൂട്ടുക്കെട്ടില്‍ ഷാക്കിബ് നടത്തിയ പോരാട്ടമാണ് മാന്യമായ റണ്‍സിലേക്ക് എത്തിച്ചത്. 46 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്നു. 26 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ഓപ്പണര്‍ തന്‍സിദ് ഹസനും മോശമില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു. ഒരു സിക്സും അഞ്ച് ബൗണ്ടറിയും തന്‍സിദ് ഹസന്‍ നേടി. ഹസന് ശേഷം എത്തിയ തൗഹിദ് ഹൃദോയിക്ക് ഇത്തവണ തിളങ്ങാനായില്ല. ഒന്‍പത് റണ്‍സടിച്ച് അദ്ദേഹം മടങ്ങി. പിന്നീട് എത്തിയ മഹ്മദുള്ള 21 പന്തുകളില്‍ നിന്ന് രണ്ട് സിക്സും ഫോറുമടക്കം 25 റണ്‍സെടുത്തു. മഹമ്മദുള്ളക്ക് ശേഷം ക്രീസിലെത്തിയ ജേക്കര്‍ അലി ഏഴു പന്തില്‍ നിന്ന് 14 റണ്‍സ് അടിച്ചെടുത്തു.