കേന്ദ്ര മന്ത്രിമാർ തോറ്റത് ഗൗരവത്തോടെയെടുത്ത് ബിജെപി; നല്ല മത്സരം നടന്നത് കേരളത്തിലെന്ന് വിലയിരുത്തൽ
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ മത്സരിച്ച പല മന്ത്രിമാരും വൻ വ്യത്യാസത്തിൽ പരാജയപ്പെട്ട സാഹചര്യം ഗൗരവത്തോടെ കാണുന്നുവെന്ന് ബിജെപി കേന്ദ്ര നേതൃത്വം. മന്ത്രിമാർ ജനങ്ങളുടെ ഇടയിൽ നിക്കണമെന്നും വിനയത്തോടെ പെരുമാറണമെന്നും പ്രധാനമന്ത്രി ഉപദേശിച്ചത് ഈ പശ്ചാത്തലത്തിലാണെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. കേരളത്തിൽ മത്സരിച്ച കേന്ദ്ര മന്ത്രിമാർക്ക് മാത്രമാണ് എതിരാളികളുടെ ഭൂരിപക്ഷം കുറയ്ക്കാനായത്.
നരേന്ദ്ര മോദി മൂന്നാം വട്ടവും അധികാരത്തിൽ എത്തിയപ്പോൾ ബിജെപി നേതൃത്വത്തെ ഏറ്റവും അലട്ടിയത് കേന്ദ്ര മന്ത്രിമാരുടെ തോല്വി യാണ്. മോദി മന്ത്രിസഭയ്ക്കെതിരെ ഭരണവിരുദ്ധ വികാരം ഇല്ല എന്നാണ് പാർട്ടി കരുതിയതെങ്കിലും ഉത്തർപ്രദേശ് ഉൾപ്പടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മന്ത്രിമാർക്കെതിരെ അത് പ്രകടമായി. യുപിയിൽ ഏറ്റവും കനത്ത തോൽവി ഏറ്റുവാങ്ങിയ സ്മൃതി ഇറാനി 1,67,196 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഗാന്ധി കുടുംബത്തിൻ്റെ പ്യൂൺ എന്ന് സ്മൃതി ഇറാനി ആക്ഷേപിച്ച കെ എൽ ശർമ്മയിൽ നിന്നേറ്റ തോൽവി പാർട്ടിക്ക് വലിയ നാണക്കേടായി. കർഷകരെ പാർട്ടിയിൽ നിന്ന് അകറ്റിയതിൽ പ്രധാന പങ്കുണ്ടായിരുന്ന അജയ് കുമാർ മിശ്രയ്ക്ക് എതിർപ്പുകൾ അവഗണിച്ചാണ് ബിജെപി സീറ്റു നല്കിയത്. മുപ്പത്തിനാലായിരത്തിൽ പരം വോട്ടിനാണ് ബിജെപിയുടെ ഉറച്ച സീറ്റുകളിലൊന്നായിരുന്ന ലഖിംപുർ ഖേരി കൈവിട്ടു പോയത്.
കലാപം നടന്ന മുസാഫർ നഗർ 2014ൽ ബിജെപിയുടെ ഉയർച്ചയ്ക്ക് വഴിയൊരുക്കിയ പ്രദേശമാണ്. മന്ത്രിയായിരുന്ന സഞ്ജീവ് ബല്ല്യാൻ ഇവിടെ പരാജയപ്പെട്ടത് ഇരുപത്തയ്യായിരത്തോളം വോട്ടുകൾക്കാണ്. നഗരവികസന സഹമന്ത്രിയായിരുന്ന കൗശൽ കിഷോർ മോഹൻലാൽ ഗഞ്ചിൽ 70000 വോട്ടിൻറെ വ്യത്യാസത്തിൽ തോറ്റു. ബീഹാറിലെ ആര മണ്ഡലത്തിൽ ഊർജ്ജമന്ത്രിയായിരുന്ന ആർ കെ സിംഗിനെ സിപിഐഎംഎൽ പരാജയപ്പെടുത്തിയതും 60000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ്. മഹാരാഷ്ട്രയിൽ മൂന്ന് മന്ത്രിമാരാണ് മഹാവിഘാസ് അഘാടിയോട് തോറ്റത്. ഇതിൽ രണ്ട് പേരും ഒരു ലക്ഷത്തിലധികം വോട്ടിനാണ് വീണത്. തമിഴ്നാട്ടിലെ നീലഗിരിയിൽ രണ്ടരലക്ഷം വോട്ടിൻ്റെ വ്യത്യാസത്തിൽ തോറ്റെങ്കിലും എൽ മുരുഗനെ വീണ്ടും കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
കേരളത്തിലാണ് മന്ത്രിമാരുടെ കാര്യത്തിൽ ബിജെപിക്ക് ആശ്വസിക്കാവുന്നത്. പരാജയപ്പെട്ട മന്ത്രിമാരിൽ ഏറ്റവും കുറഞ്ഞ വ്യത്യാസത്തിൽ വീണത് രാജീവ് ചന്ദ്രശേഖറാണ്. 35 ദിവസം മാത്രം പ്രചാരണത്തിന് കിട്ടിയ രാജീവ് ചന്ദ്രശേഖർ ഏതിരാളിയായ ശശി തരൂരിന് നല്കിയത് 16,077 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ്. മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ ഒന്നാമതെത്തുകയും ചെയ്തു. ശക്തമായ മത്സരം കാഴ്ച വെച്ച വി മുരളീധരൻ ആറ്റിങ്ങലിൽ മൂന്നാം സ്ഥാനത്തായെങ്കിലും വിജയിയായ അടൂർ പ്രകാശുമായുള്ള വ്യത്യാസം 16,272 വോട്ടുകളുടേത് മാത്രമാണ്.