പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഉറപ്പാക്കണം’; നിയുക്ത മന്ത്രിമാർക്ക് നിർദേശവുമായി മോദി
നിയുക്ത മന്ത്രിമാർക്ക് നിർദേശവുമായി നരേന്ദ്രമോദി. പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഉറപ്പാക്കണമെന്നും വകുപ്പുകളിൽ ഉടൻ ചുമതല ഏൽക്കണമെന്നും മോദി നിർദേശം നൽകി. സമയബന്ധിതമായി തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് നരേന്ദ്ര മോദി നിർദേശിച്ചു.
പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വയ്ക്കാനാണ് സാധ്യത. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു നരേന്ദ്ര മോദിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. ബിജെപിയിലെയും ഘടകകക്ഷികളിലേയും പ്രധാനപ്പെട്ട നേതാക്കൾ മാത്രമായിരിക്കും മന്ത്രിമാരായും സഹമന്ത്രിമാരായും ചുമതലയേൽക്കുക.
ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേർ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികൾ നൽകിയിട്ടുണ്ട്. 2019ൽ പ്രധാനമന്ത്രിക്കൊപ്പം ഘടകക്ഷികളിൽനിന്നുൾപ്പെടെ 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും 24 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.