National

സസ്‌പെന്‍സ് തുടരുന്നു; മൂന്നാംമോദി സര്‍ക്കാരില്‍ ആരാകും മന്ത്രിമാര്‍?

Spread the love

മൂന്നാം മോദി സര്‍ക്കാരില്‍ ആരെല്ലാം മന്ത്രിമാരാകും എന്നതില്‍ സസ്‌പെന്‍സ് തുടരുന്നു. ആഭ്യന്തര മന്ത്രിസ്ഥാനത്തേക്ക് രാജനാഥ് സിംഗിന്റെ പേര് പരിഗണയില്ലെന്നാണ് സൂചന. നിര്‍മ്മല സീതാരാമനും സുപ്രധാന വകുപ്പ് നല്‍കിയേക്കും. കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ലഭിച്ചേക്കും.

ഇന്ന് ചേരുന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും അതിനുശേഷം ഉള്ള ചര്‍ച്ചകളും പൂര്‍ത്തിയാകുന്നതോടെ മൂന്നാം മോദി സര്‍ക്കാരിന്റെ ചിത്രം വ്യക്തമാകും. എന്‍ഡിഎ ഘടകകക്ഷികളുടെ സമ്മര്‍ദം നിലനില്‍ക്കുന്നതിനാല്‍ സസൂക്ഷ്മം പരിശോധിച്ചാണ് സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് പാര്‍ട്ടി കടക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയ്ക്ക് ഇത്തവണ ഇടം ലഭിച്ചേക്കില്ലെന്നാണ് വിവരം. എന്നാല്‍ പീയൂഷ് ഗോയലിനും നിതിന്‍ ഗഡ്ഗരിക്കും ഇത്തവണയും മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. രാജനാഥ് സിംഗ് സുപ്രധാന വകുപ്പ് ഏറ്റെടുക്കും എന്നാണ് വിവരം. നിലവിലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ മന്ത്രിസ്ഥാനത്തേക്ക് എത്താനും സാധ്യതയുണ്ട്.

സ്മൃതി ഇറാനി, മനേക ഗാന്ധി എന്നീ പ്രധാന വനിതാ മുഖങ്ങള്‍ തോറ്റതോടെ നിര്‍മ്മല സീതാരാമന്‍ മന്ത്രിസഭയില്‍ ഇടംപിടിക്കും എന്നത് ഏതാണ്ട് ഉറപ്പായി. ആര്‍എസ്എസ് അനുനയത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവര്‍ പ്രധാന വകുപ്പുകളിലേക്ക് പരിഗണിക്കപ്പെടും. കേരളത്തില്‍ നിന്നുള്ള ഏക എംപി എന്ന നിലയ്ക്ക് സുരേഷ് ഗോപിക്കും അര്‍ഹിക്കുന്ന പ്രാധാന്യം മന്ത്രിസഭയില്‍ നല്‍കിയേക്കും. എന്‍ഡിഎ ഘടകക്ഷി നേതാവായ ചിരാഗ് പസ്വാനും ക്യാബിനറ്റ് പദവി ലഭിച്ചേക്കും.

സഹമന്ത്രി സ്ഥാനം നല്‍കി ഘടകകക്ഷി നേതാക്കളെ അനുനിയിപ്പിക്കാനാണ് ബിജെപി നീക്കം. ഒഡീഷ, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാര്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പരിഗണന ലഭിക്കാനാണ് സാധ്യത.