പാർലമെൻ്റ് മന്ദിരത്തിന് മുന്നിലെ ഗാന്ധിജി, ഛത്രപതി ശിവജി, അംബേദ്‌കർ പ്രതിമകൾ മാറ്റി സ്ഥാപിച്ചു: പ്രതിഷേധവുമായി കോൺഗ്രസ്
പാർലമെൻ്റ് വളപ്പിൽ പ്രതിമകളുടെ സ്ഥാനമാറ്റത്തെ ചൊല്ലി പുതിയ വിവാദം. മഹാത്മാ ഗാന്ധി, ഡോ.ബി.ആർ.അംബേദ്‌കർ,ഛത്രപതി ശിവജി എന്നീ പ്രതിമകളടക്കമാണ് പാർലമെൻ്റ് വളപ്പിലെ പുതിയ സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി സ്ഥാനം മാറ്റിയത്. ആദിവാസി ദളിത് നേതാക്കളായിരുന്ന ബിർസ മുണ്ട, മഹാറാണ പ്രതാപ് എന്നിവരുടെയടക്കം പ്രതിമകൾ പഴയ പാർലമെൻ്റ് മന്ദിരത്തിനും പാർലമെൻ്റ് ലൈബ്രറിക്കും ഇടയിലാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. എല്ലാ പ്രതിമകളും ഒരിടത്താണ് വെച്ചിരിക്കുന്നത്. ഇതിനെതിരെയാണ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ പ്രാധാന്യമേറിയ ഇടത്തുണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെയും അംബേദ്‌കറുടെയും ഛത്രപതി ശിവജി മഹാരാജിൻ്റെയും പ്രതിമകൾ ഇവിടെ നിന്ന് മാറ്റിയ നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. മഹാരാഷ്ട്രയിലെ ജനം ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെന്നും ഇപ്പോൾ ഛത്രപതി ശിവജി മഹാരാജിൻ്റെയും ഡോ.ബി.ആർ.അംബേദ്‌കറിൻ്റെയും പ്രതിമകൾ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ നിന്ന് മാറ്റിയെന്നും കോൺഗ്രസ് പബ്ലിസിറ്റി വിഭാഗം തലവൻ പവൻ ഖേരയും എക്സിൽ കുറിച്ചു. ഗുജറാത്തിൽ 26 ൽ 26 സീറ്റും ജയിക്കാൻ കഴിയാത്തത് കൊണ്ട് ഗാന്ധിജിയുടെ പ്രതിമയും നീക്കിയെന്ന് അദ്ദേഹം ഈ കുറിപ്പിൽ പറയുന്നു. 400 സീറ്റ് നേടിയാണ് എൻഡിഎ അധികാരത്തിൽ വന്നതെങ്കിൽ ഭരണഘടന ഇവർ ബാക്കിവെക്കുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനം ഈ മാസം നടക്കാനിരിക്കെ പാർലമെൻ്റിലെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാണ് പുരോഗമിക്കുന്നത്. നാല് കെട്ടിടങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവർത്തിയാണ് നടക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് സംവിധാൻ സദൻ എന്ന് പേരിട്ട പഴയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഗേറ്റ് അഞ്ചിലേക്ക് പ്രതിമകൾ മാറ്റിയത്. പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും വരുന്ന ഗജ ദ്വാർ എന്ന് പേരിട്ടിരിക്കുന്ന ഭാഗത്ത് വലിയ പുൽത്തകിടിയുണ്ടാക്കുന്നതിൻ്റെ ഭാഗമായാണ് പ്രതിമകൾ എടുത്തു നീക്കിയത്.