ആളോഹരി വരുമാനം താഴ്ന്ന വളർച്ച രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞു
ആളോഹരി വരുമാനം വളരെ കുറഞ്ഞ വളർച്ചാ നിരക്ക് മാത്രം രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 2019 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് വിഹിതം ഇക്കുറി കുറഞ്ഞു. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആളോഹരി വരുമാനം സംബന്ധിച്ച പട്ടികയും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകളും വിശകലനം ചെയ്ത് ദി ഇന്ത്യൻ എക്സ്പ്രസ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇത് പറയുന്നത്.
ആളോഹരി വരുമാനം 2 ശതമാനം വരെ വളർച്ച രേഖപ്പെടുത്തി 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ബിജെപി ഇക്കുറി മത്സരിച്ചിരുന്നു. ഇവിടങ്ങളിൽ ഒൻപതിടക്കം ബിജെപിക്ക് വോട്ട് വിഹിതം കുറഞ്ഞു. ബിഹാർ, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന, ദില്ലി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, ഛണ്ഡീഗഡ്, എന്നിവിടങ്ങളിലാണ് വോട്ട് വിഹിതം കുറഞ്ഞത്. എന്നാൽ കേരളം, സിക്കിം, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ വോട്ട് വിഹിതം കൂടുകയും ചെയ്തു.
രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആളോഹരി വരുമാനത്തിൻ്റെ കണക്ക് പൂർണമായും പുറത്തുവന്നിട്ടില്ല. ചില സംസ്ഥാനങ്ങളിൽ 2022 ലും ചിലയിടത്ത് 2023 ലുമാണ് അവസാനമായി കണക്കുകൾ രേഖപ്പെടുത്തിയത്. അതിനാൽ അടിസ്ഥാന വർഷമായി 2019 ആണ് റിപ്പോർട്ട് പരിഗണിച്ചത്. ആളോഹരി വരുമാനത്തിൽ ഇടത്തരം (2-4%) വളർച്ചയും ഉയർന്ന വളർച്ചയും(4%+) രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലെ വോട്ട് കണക്കാണ് വിശകലനം ചെയ്തത്.
നാല് ശതമാനത്തിന് മുകളിൽ വളർച്ച ആളോഹരി വരുമാനത്തിൽ രേഖപ്പെടുത്തിയ ഒൻപത് സംസ്ഥാനങ്ങളിൽ 2019 നെ അപേക്ഷിച്ച് ബിജെപി വലിയ തോതിൽ വോട്ട് വർധിപ്പിച്ചു. ആന്ധ്ര പ്രദേശ്, അസം, ഒഡിഷ, ഛത്തീസ്‌ഗഡ്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ വോട്ട് വിഹിതം ഉയർന്നു. ഗുജറാത്തിലും രാജസ്ഥാനിലും കർണാടകത്തിലും അരുണാചൽ പ്രദേശിലും ബിജെപിയുടെ വോട്ട് വിഹിതം കുറയുകയും ചെയ്തു.
ആളോഹരി വരുമാനത്തിൽ ഇടത്തരം വളർച്ച നേടിയ ഒൻപതിൽ അഞ്ച് സംസ്ഥാനങ്ങളിലും ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് വിഹിതം കൂടി. മധ്യപ്രദേശ്, പഞ്ചാബ്, തെലങ്കാന, ത്രിപുര, മിസോറാം എന്നിവിടങ്ങളിലാണ് ഈ വർധന രേഖപ്പെടുത്തിയത്. മറ്റ് നാല് സംസ്ഥാനങ്ങളിൽ – ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, ജമ്മു ആൻ്റ് കശ്മീർ – വോട്ട് വിഹിതം ബി.ജെ.പിക്ക് കുറയുകയും ചെയ്തു.
