National

തവണ വ്യവസ്ഥയില്‍ കൈക്കൂലി കൊടുക്കാം; ഗുജറാത്തില്‍ പുതിയ അഴിമതി മാതൃക

Spread the love

കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും നമ്മുടെ നാട്ടില്‍ ശിക്ഷാര്‍ഹമാണെന്നിരിക്കെ കൈക്കൂലിക്കാരെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നീക്കമാണ് ഗുജറാത്തില്‍ നടക്കുന്നത്. കൈക്കൂലി കൊടുക്കാന്‍ പണത്തിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് ബാങ്ക് വായ്പകളെ പോലെ കൈക്കൂലി ഇനി തവണകളായി അടയ്ക്കാം. പ്രതിമാസ തവണകളായാണ് അടവ്.

എസ്ജിഎസ്ടിയുമായി ബന്ധപ്പെട്ട വ്യാജ ബില്ലിംഗ് തട്ടിപ്പില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 21 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്ന വാര്‍ത്ത മാര്‍ച്ചില്‍ പുറത്തുവന്നിരുന്നു. ഒറ്റത്തവണയായി പണം വാങ്ങുന്നതിന് പകരം തുക 2 ലക്ഷം രൂപ വീതമുള്ള ഒമ്പത് ഇഎംഐകളായും 1 ലക്ഷം രൂപയിലൊന്നായും കിട്ടുന്ന രീതിയാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരത്തില്‍ ഈ വര്‍ഷം മാത്രം പത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ പറയുന്നത്. 2023 മാര്‍ച്ചില്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടനുസരിച്ച് ഗുജറാത്തില്‍ അഴിമതി വര്‍ധിച്ചു. 2021ലും 22ലും ഗുജറാത്ത് പൊലീസിന്റെ എസിബി റിപ്പോര്‍ട്ട് ചെയ്ത കൈക്കൂലി കേസുകളുടെ എണ്ണത്തില്‍ 16.5 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. കൈക്കൂലി കേസുകള്‍ 2021ല്‍ 145 ആയിരുന്നത് 2022ല്‍ 169 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ എക്‌സ്പ്രസും റിപ്പോര്‍ട്ട് ചെയ്തു. ഈ കാലയളവില്‍ കൈക്കൂലിയായി കണ്ടെത്തിയത് 2.23 കോടി രൂപയാണ്. ഈ കാലയളവില്‍ ഗുജറാത്ത് പൊലീസിലെ മാത്രം 86 ഉദ്യോഗസ്ഥര്‍ കൈക്കൂലി കേസില്‍ ഉള്‍പ്പെട്ടിട്ടു. 2023ല്‍, 2019 മുതല്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഏറ്റവും കൂടുതല്‍ കൈക്കൂലി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വകുപ്പ് ഗുജറാത്ത് ആഭ്യന്തരമാണ്.

അഴിമതി നിരോധന നിയമം 1988 അനുസരിച്ച് കൈക്കൂലി വാങ്ങുന്നതോ കൊടുക്കുന്നതോ പ്രേരിപ്പിക്കുന്നതോ നിയമപരമായി കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും.