ബിജെപി കേരളത്തിൽ നേടിയത് ഉജ്വല ജയം, നരേന്ദ്രമോദിയുടെ വികസന അജണ്ട കേരളത്തിലെ ജനം സ്വീകരിച്ചു: കെ സുരേന്ദ്രൻ
ബിജെപി കേരളത്തിൽ നേടിയത് ഉജ്വല ജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തോട് കൂടി ജയിച്ചത് വലിയ മാറ്റമാണ്. നരേന്ദ്രമോദിയുടെ വികസന അജണ്ട കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന കേരളത്തിലെ ജനം സ്വീകരിച്ചു. എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ടുകളിൽ വർധനയുണ്ടായി.
തൃശൂരിലേത് ഉജ്വല ജയം. കേരളത്തിൽ ബിജെപിക്ക് ജയിക്കാൻ കഴിയില്ലെന്ന പ്രചാരവേലയാണ് ഇറക്കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന നാട്ടിൽ എല്ലാ തരത്തിലുള്ള പ്രചാരണങ്ങളെയും അതിജീവിച്ചാണ് ബിജെപി ഉജ്വല ജയം നേടിയതെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
അതേസമയം തൃശൂരിൽ മിന്നുന്ന ഭൂരിപക്ഷം നേടി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. 73091 വോട്ടാണ് തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ്. ‘തൃശൂരിൽ ഈ വിജയം എനിക്ക് അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരൻമാർക്കും എന്റെ ലൂർദ്ദ് മാതാവിനും പ്രണാമം’ എന്ന് പറഞ്ഞാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്. ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് ദൈവങ്ങൾ നൽകിയിരിക്കുന്നത്. തൃശ്ശൂരിലെ ജനങ്ങൾ പ്രജാ ദൈവങ്ങളാണ്. വോട്ടർമാരെ വഴിതെറ്റിച്ചു വിടാൻ ശ്രമം ഉണ്ടായി എന്നും എന്നാൽ ദൈവങ്ങൾ അവർക്ക് വഴികാട്ടിയെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശ്ശൂർ ഞാനെടുത്തതല്ല, അവർ എനിക്ക് തന്നതാണ്. വഞ്ചിക്കില്ല, ചതിക്കില്ല പറഞ്ഞ വാക്കിൽ നിന്ന് മാറില്ല. കേന്ദ്രമന്ത്രി സ്ഥാനം സംബന്ധിച്ച് എനിക്കിപ്പോൾ ചില നിശ്ചയങ്ങൾ ഉണ്ട്. അക്കാര്യങ്ങൾ കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുമുണ്ട്. പാർട്ടി തീരുമാനിച്ചാൽ നിന്ദിക്കുകയോ എതിർക്കുകയോ ചെയ്യില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.