Kerala

കൊച്ചിയിൽ ലഘു മേഘ വിസ്ഫോടനം, കാലവർഷം നാല് ദിവസത്തിനകം

Spread the love

സംസ്ഥാനത്ത് കാലവർഷം നാല് ദിവസത്തിനകം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൊച്ചിയിൽ ഒന്നര മണിക്കൂറിൽ പെയ്തത് 98 മില്ലീമീറ്റർ മഴ. മേഘവിസ്ഫോടനം ആകാമെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞർ പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്‍റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

കേരളത്തിൽ ഇത്തവണ അതിവർഷത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കേന്ത്യയിലും മധ്യേന്ത്യയിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കും. ജൂണിലും കൂടുതൽ മഴ പ്രതീക്ഷിക്കാം.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മൺസൂൺ രണ്ടാം ഘട്ട പ്രവചനത്തിലാണ് നിരീക്ഷണം. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലേക്ക് എത്തിച്ചേർന്നേക്കും.

പെരുമഴയിൽ കൊച്ചിയിൽ വീണ്ടും കനത്ത വെളളക്കെട്ട് രൂക്ഷമാണ്. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി.

കൊച്ചി ഇൻഫോപാർക്കിൽ വെളളക്കെട്ടിനെത്തുടർന്ന് ഐ ടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സമയത്ത് എത്താനായില്ല. നഗരത്തോട് ചേർന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെളളം കയറി. ഫോർട്ടുകൊച്ചിയിൽ കെ എസ് ആർ ടി സി ബസിന് മുകളിലേക്ക് മരം വീണെങ്കിലും ആർക്കും പരുക്കില്ല. കളമശേരിയിൽ വെളളം ഉയർന്നതോടെ ഒറ്റപ്പെട്ടുപോയവരെ ഫയർ ഫോഴ്സ് എത്തി രക്ഷപെടുത്തി.