ശക്തമായ മഴ: വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു
തിരുവനന്തപുരം: ശക്തമായ മഴയില്‍ വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു. ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തും മുന്നിലുമായാണ് കുന്ന് ഇടിഞ്ഞു വീണത്. കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് വലിയ കല്ലുകള്‍ വഴിയിലേക്ക് പതിച്ചു. സംഭവ പുലര്‍ച്ചെ ആയതിനാലാണ് ആളപായം ഒഴിവായത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 5.30 മണി മുതല്‍ ഈ ഭാഗത്ത് ബലി തര്‍പ്പണം നടത്തുന്നതിന് ഭക്തര്‍ എത്തുന്നതാണ്.
വളരെ ദുര്‍ബലമാണ് പാപനാശം കുന്നുകളുടെ ഉള്‍ഭാഗം. അതുകൊണ്ട് തന്നെ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ കുന്നുകളെ സാരമായി ബാധിക്കും. എല്ലാ മഴക്കാലത്തും കുന്നുകള്‍ ഇടിയാറുണ്ട്. ബലി മണ്ഡപത്തിന്റെ സമീപത്ത് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഒരു കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ടോയ്ലെറ്റ് ബ്ലോക്കിന്റെ മുന്‍ഭാഗം നിരപ്പാക്കുന്നതിനായി ഒരു മാസം മുന്‍പ് കുന്നിടിച്ച് മണ്ണ് എടുത്തിരുന്നു. നഗരസഭയുടെ ഇടപെടലിനെ തുടര്‍ന്ന് ഈ ഭാഗം കോണ്‍ക്രീറ്റ് ചുവരുകള്‍ കെട്ടി സംരക്ഷിക്കാം എന്നുള്ള തീരുമാനം എടുത്തിരുന്നു. ഇതിനോട് ചേര്‍ന്നുള്ള ഭാഗമാണ് ഇപ്പോള്‍ ഇടിഞ്ഞു വീണത്.
ഒരാഴ്ച മുൻപ്, പുതുതായി നിര്‍മ്മിക്കുന്ന ടോയ്ലെറ്റ് ബ്ലോക്കിന്റെ സെപ്റ്റിക് ടാങ്കുകള്‍ക്ക് മുകളില്‍ പാകിയിരുന്ന മുന്‍ഭാഗത്തെ ഇന്റര്‍ലോക്കുകള്‍ മഴയില്‍ ഇടിഞ്ഞുതാണിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് പാപനാശം ഹെലിപ്പാഡ് ഭാഗത്തെ കുന്നുകള്‍ ഏതാണ്ട് 10 മീറ്ററോളം വീതിയില്‍ ഇടിഞ്ഞു വീണത്. പ്രദേശത്ത് മഴ ശക്തമായി തന്നെ തുടരുകയാണ്.