പെരിയാറിന് പിന്നാലെ മരടിലും മത്സ്യക്കുരുതി; കൂട് മത്സ്യക്കൃഷിക്കാരുടെ മീനുകള്‍ ചത്തുപൊങ്ങി
ചിത്രപ്പുഴയ്ക്കും പെരിയാറിനും പിന്നാലെ കൊച്ചി മരടിലും മത്സ്യങ്ങള്‍ ചത്തുപൊങ്ങി. കൂട് മത്സ്യക്കൃഷിക്കാരുടെ മീനുകളാണ് ചത്തത്.കുഫോസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
മരട് കുണ്ടന്നൂരിന് സമീപം കായലില്‍ കൂട് മത്സ്യക്കൃഷി നടത്തുന്നവരുടെ മീനുകളാണ് ചത്തത്. ഇന്നലെ വൈകിട്ടോടെയാണ് ആദ്യം മീനുകള്‍ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ കുഫോസ് അധികൃതരെ വിവരമറിയിച്ചു. മീനുകള്‍ ചത്തതിന് കാരണം എന്താണെന്ന് നിലവില്‍ വ്യക്തമല്ല. രാസമാലിന്യമാണ് കാരണമെന്നും പരിശോധിക്കുന്നുണ്ട്. നേരത്തെ മരട് ഫ്‌ളാറ്റ് പൊളിച്ചതിന് സമീപത്തായിരുന്നു കൂട് കൃഷി
അതേസമയം പെരിയാറിലെ മത്സ്യക്കുരുതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വാദങ്ങള്‍ കുഫോസ് തള്ളി. പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവിലെന്നാണ് കുഫോസിന്റെ റിപ്പോര്‍ട്ട്. രാസമാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയ അലൈന്‍സ് മറൈന്‍ പ്രൊഡക്ട്സ് എന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്.
രാസവസ്തുക്കള്‍ എവിടെ നിന്നാണെന്ന് അറിയില്ലെന്നും പരിശോധനാഫലം വരണമെന്നും കുഫോസിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണം ഫാക്ടറിയിലെ രാസമാലിന്യമല്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിശദീകരണം. പ്രാഥമിക പരിശോധനയില്‍ അലൈന്‍സ് മറൈന്‍സ് പ്രോഡക്ടില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതായാണ് കണ്ടെത്തല്‍. കൂടുതല്‍ ഫാക്ടറികള്‍ക്കെതിരെയും ഉടന്‍ നടപടി എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.