World

ഇബ്രാഹിം റെയ്‌സിയുടെ മരണം: ദൈവത്തിൻ്റെ ശിക്ഷയെന്ന് വിമർശിച്ച് റബ്ബിമാർ, സമൂഹ മാധ്യമങ്ങളിൽ വിമർശനം

Spread the love

ഹെലികോപ്റ്റർ അപകടത്തിലുള്ള ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം ദൈവത്തിൻ്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ. അധിക്ഷേപവും അസഭ്യവും നിറഞ്ഞ സ്വരത്തിലാണ് സമൂഹ മാധ്യമങ്ങളിലെ കടുത്ത വിമർശനം. ജൂതർക്കും ഇസ്രയേലിനുമെതിരെ സ്വീകരിച്ച കടുത്ത നിലപാടുകളുടെ പേരിലാണ് ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം. അധിക്ഷേപ സ്വരത്തിലാണ് റബ്ബിമാർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്ന ഇബ്രാഹിം റെയ്‌സിയുടെ മരണം ഇറാന് വലിയ തിരിച്ചടിയാണ്.

ജൂത മത ഗ്രന്ഥത്തിലെ പ്രതിനായകനായ ഹമാനോടാണ് ഇബ്രാഹിം റെയ്‌സിയെ ഇസ്രയേയിലുള്ളവർ ഉപമിക്കുന്നത്. റെയ്സിയുടെ മരണത്തിൽ ദൈവത്തോട് നന്ദി പറയുന്നതായും റബ്ബിമാർ ഫെയ്സ്ബുക്കിൽ എഴുതിയിട്ടുണ്ട്. പലസ്തീൻ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചതാണ് ഇസ്രയേലിലെ തീവ്ര ദേശീയ വാദികൾക്ക് അവർ ഏറ്റവും വെറുക്കുന്ന നേതാവായി റെയ്സി മാറാൻ കാരണം. പുഴ മുതൽ കടൽ വരെ പലസ്തീനെന്ന സ്വതന്ത്ര രാജ്യം – ഇതളായിരുന്നു ഇബ്രാഹിം റെയ്‌സിയും ഇറാനും മുന്നോട്ട് വച്ച നിലപാട്.

ഇന്നലെ വൈകിട്ടാണ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റർ ഇറാനിലെ വടക്കു-കിഴക്കൻ മേഖലയിൽ തകർന്നു വീണത്. കിഴക്കന്‍ അസര്‍ബൈജാനിനോട് ചേർന്ന അതിർത്തി മേഖലയിലായിരുന്നു അപകടം. ഹുസൈന്‍ അമിറബ്ദുല്ലയും അപകടത്തിൽ മരിച്ചു. തിരച്ചിലിൽ തകർന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. റെയ്സിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആരും രക്ഷപെട്ടതായി സൂചനകളില്ലെന്നും റെ‍ഡ് ക്രസന്റ് അറിയിച്ചു.

ഇറാന്‍-അസര്‍ബൈജാന്‍ അതിര്‍ത്തിപ്രദേശത്ത് ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴാണ് റെയ്‌സിയും അമിറബ്ദുല്ലയും ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകള്‍ പ്രസിഡന്റിനൊപ്പം സംഘത്തിലുണ്ടായിരുന്നു. മറ്റ് രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി തിരിച്ചെത്തി.