ഫ്‌ളാറ്റിന്റെ സണ്‍ഷൈഡില്‍ പിഞ്ചുകുഞ്ഞ് വീണ സംഭവം; മാതാവ് ജീവനൊടുക്കി
കോയമ്പത്തൂരില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ സണ്‍ഷൈഡില്‍ കുടുങ്ങിയ കുഞ്ഞിനെ സമീപവാസികള്‍ രക്ഷപെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി. കോയമ്പത്തൂര്‍ സ്വദേശി വെങ്കിടേഷിന്റെ ഭാര്യ രമ്യ (33) ആണ് മരിച്ചത്. ഇന്നലെ കാരമടയില്‍ മാതാപിതാക്കളുടെ വീട്ടിലായിരിക്കുമ്പോഴാണ് ആത്മഹത്യ. ഈ സമയം രമ്യ വീട്ടില്‍ തനിച്ചായിരുന്നു. കുഞ്ഞ് സണ്‍ഷെയ്ഡില്‍ വീണ സംഭവത്തോടെ രമ്യ കടുത്ത സൈബര്‍ ആക്രമണം നേരിട്ടെന്നും തുടര്‍ന്ന് വിഷാദത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ചെന്നൈ തിരുമുല്ലൈവോയലിലെ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ നാലാം നിലയിലാണ് രമ്യയും കുടുംബവും താമസിച്ചിരുന്നത്. ഇവര്‍ക്ക് നാല് വയസ്സുള്ള ആണ്‍കുട്ടിയും ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിയുമാണുള്ളത്. കഴിഞ്ഞ മാസം 28നാണ് ഏഴ് മാസം പ്രായമായ കുഞ്ഞ് ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വഴുതി താഴെയുള്ള സണ്‍ ഷെയ്ഡിലേക്ക് വീണത്
കുഞ്ഞ് വീണത് കണ്ട സമീപവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ സംഭവത്തിനുശേഷം വെങ്കിടേഷും രമ്യയും കുട്ടികളുമൊത്ത് കോയമ്പത്തൂരിലെ കാരമടയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറി. ഇവരുടെ അശ്രദ്ധയാണ് കുഞ്ഞ് അപകടത്തില്‍പ്പെടാന്‍ കാരണമെന്നതടക്കം കടുത്ത സൈബര്‍ ആക്രമണം രമ്യ നേരിട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. രമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. വിശദമായ അന്വേഷണം നടക്കുകയാണ്.