ആദ്യ ഇന്ത്യൻ ബഹിരാകാശ ടൂറിസ്റ്റായി ഗോപിചന്ദ്; ന്യൂഷെപാഡ് പേടകത്തിൽ ബഹിരാകാശം ചുറ്റി തിരിച്ചെത്തി
ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാം ദൗത്യത്തിൽ ഭാഗമായി ഗോപിചന്ദ് തോട്ടക്കുറ. ബ്ലൂ ഒറിജിന്റെ ‘എൻ.എസ്-25’ ദൗത്യമാണ് ഞായറാഴ്ച ബഹിരാകാശത്തു പോയി തിരികെയെത്തിയത്. ടെക്സസിലെ വാൻ ഹോണിലുള്ള ബ്ലൂ ഒറിജിന്റെ ബഹിരാകാശകേന്ദ്രത്തിൽനിന്ന് ഇന്ത്യൻസമയം രാത്രി 8.06-നായിരുന്നു വിക്ഷേപണം.
ഭൗമനിരപ്പിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബഹിരാകാശത്തിന്റെ പരമ്പരാഗത അതിർത്തി നിർവചനമായ കാർമൻ ലൈൻ ദൗത്യം കടന്നു. പിന്നീട് ക്രൂ മൊഡ്യൂൾ തിരിച്ചിറങ്ങി. മനുഷ്യരെയുംകൊണ്ടുള്ള കമ്പനിയുടെ ഏഴാം ബഹിരാകാശദൗത്യമാണിത്. പേടകം വഹിച്ച ന്യൂഷെപ്പേഡ് റോക്കറ്റിൻറെ 25-ാം ദൗത്യവും. പരമാവധി 6 പേർക്ക് ഇരിക്കാവുന്നതാണ് ന്യൂഷെപാഡ് പേടകം. ഇതോടെ ബ്ലൂ ഒറിജിനിൽ ബഹിരാകാശയാത്ര നടത്തുന്നവരുടെ എണ്ണം 37 ആയി.
ദൗത്യം വിജയിച്ചതോടെ ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്നനേട്ടം ഗോപിക്കു സ്വന്തമായി. ഗോപിചന്ദിനൊപ്പം 90 വയസ്സുള്ള എഡ് ഡ്വൈറ്റ് ഉൾപ്പെടെ 5 യാത്രികരുണ്ടായിരുന്നു. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശിയാണ്. റിട്ട. വിങ് കമാൻഡർ രാകേഷ് ശർമയ്ക്കുശേഷം ബഹിരാകാശത്തെത്തിയ ഇന്ത്യൻ പൗരനും ഇദ്ദേഹമാണ്. ബുഷ് വിമാനങ്ങൾ, സീ പ്ലേനുകൾ, ഹോട്ട് എയർബലൂണുകൾ, എയ്റോബാറ്റിക് വിമാനങ്ങൾ എന്നിവ പറത്താൻ വിദഗ്ധനാണ്.