Kerala

കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പ്: കേസ് കാസർകോട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി, അന്വേഷണത്തിന് എട്ടംഗ സംഘം

Spread the love

കാസര്‍കോട്: സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾചറിസ്‌റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പ് കേസ് കാസർകോട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ആദൂർ ഇൻസ്പെക്ടർ സഞ്ജയ്, മേൽപ്പറമ്പ് ഇൻസ്പെക്ടർ അരുൺ എന്നിവരും എട്ടംഗ അന്വേഷണ സംഘത്തിലുണ്ട്.

അതേസമയം, സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ രതീശന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

വയനാട്ടിൽ സ്ഥലവും ബംഗളൂരുവിൽ രണ്ട് ഫ്ലാറ്റുകളും വാങ്ങിയെന്നാണ് കണ്ടെത്തൽ. മൂന്ന് വർഷമായി ഇയാള്‍ തട്ടിപ്പ് നടത്തുകയായിരുന്നു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പേരിൽ വ്യാജ സ്വർണ്ണപ്പണയ ലോൺ എടുത്ത പ്രതി കേരള ബാങ്കിൽ നിന്ന് സൊസൈറ്റിക്ക് ലഭിച്ച ക്യാഷ് ക്രെഡിറ്റ് 1.10 കോടി രൂപയും തട്ടിയെടുത്തു. സൊസൈറ്റിയിൽ പണയം വച്ച 42 പേരുടെ സ്വർണ്ണവുമായാണ് ഇയാൾ സ്ഥലംവിട്ടത്.

ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ബംഗളൂരുവില്‍ അടക്കം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന രതീശനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു. സംഭവത്തിൽ മറ്റ് ജീവനക്കാർക്ക് പങ്കില്ലെന്നാണ് സിപിഎം നിലപാട്. എന്നാല്‍, സിപിഎം അറിയാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ലെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്