പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി
കണ്ണൂർ, പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ അൽപസമയത്തിനകം പ്രഖ്യാപിക്കും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
പാനൂർ വള്ള്യായി സ്വദേശിനിയായ 23-കാരി വിഷ്ണുപ്രിയ 2022 ഒക്ടോബർ 22നാണ് കൊല്ലപ്പെട്ടത്. പ്രണയപ്പകയെ തുടർന്ന് കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രണയം തകർന്നതാമ് കൊലയ്ക്ക് പ്രകോപനമായത്. വിഷ്ണുപ്രിയുടെ ശരീരത്തിലെ 29 മുറിവുകളിൽ 10 എണ്ണം കൊലക്കുശേഷം പ്രതി ആക്രമിച്ചതാണ്.
കഴുത്ത് 75% മുറിഞ്ഞ് തൂങ്ങി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പ്രതിയുടെ വീട്ടിൽ നിന്നും സമീപത്തെ വയലിൽ നിന്നും കണ്ടെത്തി
13 സെക്കൻഡ് വീഡിയോ ആണ് കേസിൽ നിർണായക തെളിവായത്. പ്രതിയെ വീഡിയോ കോളിലൂടെ കണ്ടെന്നായിരുന്നു വിഷ്ണുപ്രിയയുടെ ആൺസുഹൃത്തിൻ്റെ മൊഴി. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതി അറസ്റ്റിലാകുകയായിരുന്നു. 49 പ്രോസിക്യൂഷൻ സാക്ഷികൾ, 40 തൊണ്ടിമുതലുകൾ, 102 രേഖകൾ എന്നിവ കേസിലുണ്ടായി. 35 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിച്ചു. 15 മാസം കൊണ്ട് വിചാരണ പൂർത്തിയായി.
കൊലയ്ക്ക് ശേഷം പിതാവിൻ്റെ ഹോട്ടലിൽ എത്തി ചോറ് വിളമ്പിയ പ്രതി, പക തീർക്കാൻ അഞ്ചാം പാതിര സിനിമയും കണ്ടു. ചുറ്റിക, ഉളി, ഇരുതല മുറിച്ചുള്ള കത്തി, ഇലക്ട്രിക് കട്ടർ, സൈക്കിൾ ചെയിൻ ഇടിക്കട്ട എന്നിവയായിരുന്നു ആയുധങ്ങൾ. അന്വേഷണം വഴിതെറ്റിക്കാൻ മുളകുപൊടിയും ബാർബർ ഷോപ്പിൽ നിന്ന് ശേഖരിച്ച മുടിയും പ്രതി ഉപയോഗിച്ചു.