National

‘ഭയന്ന് പോയോ’, മോദിയോട് രാഹുൽ; ‘അദാനിയും അംബാനിയും പണം തന്നെങ്കിൽ ഇഡിയേയും സിബിഐയേയും വിട്ട് അന്വേഷണം നടത്തൂ’

Spread the love

ദില്ലി: അംബാനിയും അദാനിയുമായി താൻ ഒത്തുതീർപ്പുണ്ടാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിൽ തിരിച്ചടിയുമായി രാഹുൽ ഗാന്ധി രംഗത്ത്. ഭയന്ന് പോയോ എന്നാണ് മോദിയോട് രാഹുല്‍ എക്സ് ഹാൻഡിലിലൂടെ ചോദിച്ചത്. മോദി ഇതാദ്യമായി പരസ്യമായി അംബാനിയെന്നും അദാനിയെന്നും ഉച്ചരിക്കുന്നത് തന്നെ. ടെംപോയില്‍ പൈസ കൊടുക്കുമെന്ന് പറയുന്നത് സ്വന്തം അനുഭവത്തില്‍ നിന്നാണോയെന്നും രാഹുല്‍ ഗാന്ധി മോദിയോട് ചോദിച്ചു. അദാനിയും അംബാനിയും പണം തന്നെങ്കില്‍ ഇ ഡിയേയും സി ബി ഐയേയും അങ്ങോട്ട് വിട്ട് അന്വേഷണം നടത്താനും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇ ഡിയെയും സി ബി ഐയെയും അങ്ങോട്ടേക്കയക്കാൻ എന്താണ് പ്രയാസമെന്നും രാഹുൽ ചോദിച്ചു. വൻകിട വ്യവസായികള്‍ക്ക് മോദി സർക്കാർ എത്ര പണം കൊടുത്തോ അത്രയും പണം രാജ്യത്തെ പാവപ്പെട്ടവർക്ക് ഇന്ത്യ മുന്നണി അധികാരത്തിലേറിയാൻ കൊടുക്കുമെന്നും രാഹുൽ വ്യക്തമാക്കി

നേരത്തെ പ്രിയങ്ക ഗാന്ധിയും മോദിയുടെ പരാമർശത്തിൽ മറുപടിയുമായി രംഗത്തെത്തിയിരുന്നു. അദാനിയെക്കുറിച്ച് എല്ലാ ദിവസവും രാഹുൽ ഗാന്ധി പറയാറുണ്ടെന്നും മോദി അത് കേൾക്കാത്തതാണെന്നുമാണ് പ്രിയങ്ക തിരിച്ചടിച്ചത്. രാജ്യത്തിന്‍റെ സ്വത്ത് കോടീശ്വരൻമാര്‍ക്ക് നൽകുന്നത് ജനം കാണുന്നതിനാലാണ് മോദി, രാഹുലിനെ വിമർശിച്ച് രക്ഷപ്പെടാൻ നോക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

അതേസമയം തെലങ്കാനയിലെ ബി ജെ പി റാലിയിലാണ് മോദി, രാഹുലിനെതിരെ വിമർശിച്ച് രംഗത്തെത്തിയത്. അംബാനിയും അദാനിയുമായി രാഹുൽ ഒത്തുതീർപ്പുണ്ടാക്കിയെന്നാണ് മോദി ആരോപിച്ചത്. അതുകൊണ്ടാണ് രാഹുൽ ഇപ്പോൾ ഈ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി പരിഹസിച്ചു. ടെംബോയിൽ നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ രാഹുൽ മിണ്ടാത്തതെന്നും മോദി തെലങ്കാനയിലെ റാലിയിൽ ചോദിച്ചിരുന്നു.