Kerala

പോളിങ് ബൂത്തിന് സമീപത്തു നിന്ന് കിട്ടിയ 51,000 രൂപയുടെ ഉടമയെ കണ്ടെത്തിയില്ല; പണം ട്രഷറിയിലേക്ക് മാറ്റി

Spread the love

തിരുവനന്തപുരം മലയിന്‍കീഴില്‍ വോട്ടെടുപ്പിനിടെ ബൂത്തിന് സമീപത്ത് കണ്ടെത്തിയ പണം ട്രഷറിയിലേക്ക് മാറ്റി. ഉടമയെ തിരിച്ചറിയാത്ത സാഹചര്യത്തിലാണ് തുക മലയിൻകീഴ് ട്രഷറിയിലേക്ക് മാറ്റിയത്. മച്ചേൽ എൽപി സ്കൂളില്‍ തെരഞ്ഞെടുപ്പ് ദിവസം രാവിലെയോടെയാണ് സംഭവം. ബൂത്തിന് സമീപത്തെ പടിക്കെട്ടില്‍ നിന്നാണ് 51,000 രൂപ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുക എങ്ങനെ അവിടെയെത്തി എന്ന കാര്യത്തിലും ഇത് ആരുടേതാണെന്ന് കണ്ടെത്താനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം ആരംഭിച്ചു.

500ന്‍റെ നോട്ടുകളാണ് കിട്ടിയതിൽ അധികവുമുള്ളത്. മൂന്നാല് നോട്ടുകള്‍ മാത്രം ഇരുന്നൂറിന്റെയും നൂറിന്റെയുമുണ്ട്. നോട്ടുകൾ ഒരുമിച്ച് വെച്ച് റബ്ബർ ബാൻഡ് ഇട്ട നിലയിലായിരുന്നു. രാവിലെ 8:30ഓടെ ബൂത്തില്‍ വോട്ട് ചെയ്യാൻ വരിയില്‍ നില്‍ക്കുകയായിരുന്ന ഒരു വോട്ടറാണ് പണം ആദ്യം കണ്ടത്. പിന്നാലെ മറ്റുള്ളവരും സംഭവം അറിഞ്ഞു. തുടര്‍ന്ന് പഞ്ചായത്തംഗം അനിൽകുമാറിനെ നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം ഇലക്ഷൻ സ്ക്വാഡിനെ വിവരമറിയിച്ചു. വൈകാതെ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ച് മഹസര്‍ തയ്യാറാക്കി. മലയിൻകീഴ് പൊലീസും സ്ഥലത്തെത്തിയിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും അസ്വഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല.