National

പ്രാചി നിഗമിന് പിന്തുണയുമായി ഷേവിംഗ് കമ്പനിയുടെ പരസ്യം; രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മിഡിയ

Spread the love

ഉത്തര്‍പ്രദേശ് പത്താംക്ലാസ് പരീക്ഷയില്‍ ടോപ് സ്‌കോററായ പ്രാചി നിഗം എന്ന പെണ്‍കുട്ടി നേരിട്ടത് ക്രൂരമായ ബോഡി ഷെയിമിങ് ആണ്. പുരുഷന്മാരുടേതിന് സമാനമായ രീതിയില്‍ താടിയും മീശയും കട്ടിയുള്ള പുരികവുമാണ് പ്രാചിയെ ട്രോളാനും അപമാനിക്കാനും ഒരു വിഭാഗം ഉപയോഗിച്ചത്. പത്താംക്ലാസ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാമതെത്തിയെങ്കിലും അഭിന്ദിക്കുന്നതിന് പകരം സോഷ്യല്‍ മിഡിയ ചര്‍ച്ച ചെയ്തതും പരിഹസിച്ചതും പ്രാചിയുടെ രൂപത്തെയാണ്. ഇപ്പോള്‍ പ്രാചി നിഗമിന് പിന്തുണ നല്‍കിക്കൊണ്ടുള്ള ഒരു ഷേവിങ് കമ്പിയുടെ വാചനകങ്ങളാണ് പുതിയ വിമര്‍ശനത്തിന് അടിസ്ഥാനം.

ബോംബെ ഷേവിംഗ് കമ്പനിയാണ് ഒരു പത്രത്തിന്റെ ഒന്നാം പേജില്‍ പ്രാചിക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള പരസ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്തുണച്ചുകൊണ്ടുള്ള പരസ്യം കമ്പനിക്ക് തന്നെ തിരിച്ചടിയായി.
‘പ്രിയപ്പെട്ട പ്രാചി, അവര്‍ ഇന്ന് നിങ്ങളുടെ രോമത്തെ കളിയാക്കുന്നു, നാളെ അവര്‍ നിങ്ങളുടെ നേട്ടങ്ങളെ അഭിനന്ദിക്കും’ എന്നാണ് പരസ്യ വാചകം. എന്നാല്‍ ‘ഞങ്ങളുടെ റേസര്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒരിക്കലും പരിഹാസം നേരിടേണ്ടിവരില്ല ‘ എന്ന പരസ്യത്തിനൊപ്പം നല്‍കിയ മറ്റൊരു വാചകം കമ്പനിക്ക് തന്നെ തിരിച്ചടിയായി.

പരസ്യം വിമര്‍ശനത്തിന് കാരണമായതോടെ കമ്പനി സിഇഒ തന്നെ വിശദീകരണവുമായി രംഗത്തെത്തി. പ്രാചിയെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഉത്പന്നത്തിന്റെ വില്‍പ്പനയോ മറ്റോ ലക്ഷ്യമിട്ടിട്ടില്ലെന്നും സിഇഒയും ഗ്രൂമിങ് സൊല്യൂഷന്‍സ് ബ്രാന്‍ഡിന്റെ സ്ഥാപകനുമായ ശന്തനു ദേശ്പാണ്ഡെ പ്രതികരിച്ചു. ഷേവിംഗ് കമ്പനി അനുയോജ്യമല്ലാത്തയിടത്ത് തങ്ങളുടെ ബ്രാന്‍ഡിന്റെ പരസ്യം നല്‍കുകയാണ് ചെയ്തതെന്നും ഇത് വളരെ മോശമാണെന്നും എക്‌സില്‍ വിമര്‍ശനങ്ങളുണ്ട്.
പത്താംക്ലാസ് പരീക്ഷയില്‍ 600ല്‍ 591 മാര്‍ക്ക് നേടിയാണ് പ്രാചി ഒന്നാമതെത്തിയത്.