National

‘ശാരീരികമായി സുഖമില്ല’; രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലി തുടങ്ങി

Spread the love

റാഞ്ചി: രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലിക്ക് തുടക്കമായി. റാലി തുടങ്ങാൻ അല്‍പസമയം മാത്രം ബാക്കി നില്‍ക്കെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആണ് റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന വിവരം അറിയിച്ചത്. ശാരീരികമായി സുഖമില്ലാത്തതിനാലാണ് രാഹുല്‍ പങ്കെടുത്താത്തത് എന്നും ജയ്റാം രമേശ് അറിയിച്ചിരുന്നു.

എന്നല്‍ രാഹുലിന്‍റെ അസാന്നിധ്യം തികച്ചും സാങ്കേതികമാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗേ റാലിക്ക് നേതൃത്വം നല്‍കി മുൻനിരയിലുണ്ടാകുമെന്നും ജയ്റാം രമേശ് അറിയിച്ചിട്ടുണ്ട്.

സത്നയിലും റാഞ്ചിയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താൻ രാഹുല്‍ എല്ലാ തയ്യാറെടുപ്പും എടുത്തിരുന്നു, എന്നാല്‍ പെട്ടെന്ന് വയ്യായ്മ അനുഭവപ്പെട്ടതോടെ ദില്ലിയില്‍ നിന്ന് വരാൻ പറ്റാത്ത അവസ്ഥയായി എന്ന് എക്സില്‍ ജയ്റാം രമേശ് പങ്കുവച്ചിരിക്കുന്നു.

റാഞ്ചിയിലെ പ്രഭാത് താര മൈതാനത്തിലാണ് റാലി നടക്കുന്നത്. രാഹുലിന്‍റെ അഭാവത്തില്‍ മല്ലികാര്‍ജ്ജുൻ ഖര്‍ഗേ തന്നെയാണ് സംസാരിക്കുക. അരവിന്ദ് കെജ്രിവാളിന് മുമ്പ് ഇഡി അറസ്റ്റ് ചെയ്ത മറ്റൊരു മുഖ്യമന്ത്രിയാണ് ജാര്‍ഖണ്ഡിലെ ഹേമന്ത് സോറൻ. ഈയൊരു പ്രത്യേകതയും ജാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നണി ഒത്തുചേരുമ്പോള്‍ മറക്കരുതാത്തതാണ്. ഹേമന്ത് സോറന്‍റെ പാര്‍ട്ടിയായ ജെഎംഎം( ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച)യാണ് ഇന്ത്യ മുന്നണിക്ക് ജാര്‍ഖണ്ഡില്‍ ആതിഥേയത്വമൊരുക്കുന്നത്