കനത്ത മഴയിൽ യുഎഇയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഫിലിപ്പൈൻസ് സ്വദേശികൾ മരിച്ചു
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി .രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഫിലിപ്പൈൻസ് സ്വദേശികൾ മരിച്ചുവെന്ന് ഫിലിപ്പൈൻസ് കോൺസുലേറ്റ് അറിയിച്ചു. രാജ്യത്തെ റോഡുകളിലുൾപ്പെടെ കയറിയ വെളളം നീക്കം ചെയ്യുകയാണ്. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്ന് സാധാരണ നിലയിലെത്തിയേക്കും.
രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഫിലിപ്പൈൻസ് സ്വദേശികൾ മരിച്ചുവെന്ന് ഫിലിപ്പൈൻസ് കോൺസുലേറ്റ് അറിയിച്ചതോടെയാണ് യുഎഇയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി ഉയര‍്‍ന്നത്. സ്ത്രീകൾ സഞ്ചരിച്ച കാർ വെളളക്കെട്ടിൽ പെട്ട് അതിനുളളിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് ഇവരുടെമരണം സംഭവിച്ചത്. മറ്റൊരു സംഭവത്തിൽ കാർ കുഴിയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റാണ് മൂന്നാമത്തെ മരണം. നേരത്തെ റാസ് അൽ ഖൈമയിൽ മലവെള്ളപ്പാച്ചിലിൽ ഒരു സ്വദേശി മരിച്ചിരുന്നു
അതേസമയം മഴയെതുടർന്ന് വിവിധയിടങ്ങളിൽ ഉയർന്ന വെളളം നീക്കം ചെയ്യുന്ന പ്രവർത്തി യുഎഇയിലെങ്ങും പുരോഗമിക്കുന്നത്. രാജ്യത്തെ മിക്ക റോഡുകളിലും മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ. പലയിടത്തും ഗതാഗതം കുരുക്ക് രൂക്ഷമായിരുന്നു. ഷാർജയിൽ വെള്ളക്കെട്ടിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. വെള്ളക്കെട്ട് ഒഴിവായ റോഡുകളിൽ അടിഞ്ഞുകൂടിയ ചളിയും മണലും നീക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
മലയാളികളുടെ ഉൾപ്പെടെ നേതൃത്വത്തിലുള്ള വിവിധ ഇന്ത്യന്‍ കൂട്ടായ്മകളും വ്യക്തികളും സ്ഥാപനങ്ങളും യു.എ.ഇ അധികൃതര്‍ക്കൊപ്പം ദുരിത മേഖലകളില്‍ സഹായ ഹസ്തവുമായി രംഗത്തുണ്ട്. അതിനിടെ രാജ്യത്തെ വിമാനസർവീസുകൾ ഇന്ന് സാധാരണ നിലയിലേക്കെത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
ദുബായ് വിമാനത്താവളത്തിന്റെ എല്ലാ ടെര്മിനലിൽ നിന്നും വിമാനയാത്ര സാധ്യമായി തുടങ്ങിയിട്ടുണ്ട്. എയർപോർട്ടിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാർ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് എയർപോർട്ട് അധികൃതർ ഓർമിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി ദുബായിൽ 1244 വിമാനങ്ങളായിരുന്നു റദ്ദാക്കിയത്.