വിധിയെഴുതാൻ 102 മണ്ഡലങ്ങൾ; ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ
ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 102 ലോക്സഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
രാജസ്ഥാനിൽ 12 സീറ്റുകളിലും യുപിയിൽ എട്ടിലും ബിഹാറിൽ നാലിലും ബംഗാളിൽ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. തമിഴ്നാട്ടിൽ 950 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ഇന്നലെ വൈകീട്ടോടെ പരസ്യപ്രചാരണം അവസാനിച്ച ഇവിടങ്ങളിൽ ഇന്ന് നിശബ്ദ പ്രചരണം നടക്കും. പശ്ചിമബംഗാൾ (3), ആൻഡമാൻ നിക്കോബാർ (1), ജമ്മു കശ്മീർ (1), ഛത്തീസ്ഗഢ് (1), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), മണിപ്പുർ (2), അരുണാചൽപ്രദേശ് (2), അസം (5), ബിഹാർ (4), മേഘാലയ (2), മിസോറം (1), നാഗാലാൻഡ് (1), സിക്കിം (1), ത്രിപുര (1), ഉത്തർപ്രദേശ് (8), ഉത്തരാഖണ്ഡ് (5), ലക്ഷദ്വീപ് (1), പുതുച്ചേരി (1) എന്നിവിടങ്ങളിലും നാളെയാണ് വോട്ടെടുപ്പ്.
രണ്ടാംഘട്ടമായ 26നാണ് കേരളത്തിലെ വോട്ടെടുപ്പ്. ഏഴു ഘട്ടങ്ങൾകൊണ്ടു പൂർത്തിയാകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ നാലിനാണ്.