Kerala

പൂരത്തിനെത്തുന്ന ആനകളെ പരിശോധിക്കാന്‍ വന്‍ സംഘം; സര്‍ക്കുലര്‍ ഇറക്കി വനംവകുപ്പ്

Spread the love

തൃശൂര്‍ പൂരത്തിനെത്തിക്കുന്ന ആനകളെ പരിശോധിക്കാന്‍ പ്രത്യേക സംഘമെത്തുന്നു. വനം വകുപ്പിന്റെ എട്ട് ആര്‍ആര്‍ടി സംഘം, വയനാട് എലിഫന്റ് സ്‌ക്വാഡ്, അഞ്ച് ജില്ലകളില്‍ നിന്നുള്ള വനം വകുപ്പ് വെറ്റിനറി സര്‍ജന്‍മാര്‍, തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ആന ഇടഞ്ഞാല്‍ നിയന്ത്രിക്കാന്‍ കണ്ട്രോള്‍ റൂമും തുറക്കും. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവെന്നാണ് വനം വകുപ്പ് വിശദീകരണം. ആനകളുടെ പരിശോധന സംബന്ധിച്ച സര്‍ക്കുലര്‍ വനംവകുപ്പ് പുറത്തിറക്കി.

പൂരം നടത്തിപ്പില്‍ ആനയുമായി ബന്ധപ്പെട്ട് ദേവസ്വങ്ങളും ആന ഉടമകളും വനംവകുപ്പും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകുകയാണ്. ആനകളുടെ അന്‍പത് മീറ്റര്‍ ദൂരെ ആളുകള്‍ നില്‍ക്കണമെന്ന വിവാദ ഉത്തരവ് ദേവസ്വങ്ങളുടെയും മറ്റും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ തീരുമാനമായിരുന്നു. ഉത്തരവുകള്‍ക്ക് പിന്നാലെ വിവാദങ്ങളും ഉടലെടുത്തപ്പോള്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ രാജന്‍ വനംവകുപ്പ് ഉത്തരവിലെ അപ്രായോഗികമായ ഉത്തരവുകള്‍ തിരുത്തുമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.