National

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി, ജയിലില്‍ തുടരും; ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഡൽഹി ഹൈക്കോടതി

Spread the love

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കെജ്‌രിവാള്‍ ജയിലില്‍ തുടരും. ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഇ ഡി യുടെ അറസ്റ്റ് നിയമപരമെന്നും മുഖ്യമന്ത്രിക്ക് പ്രത്യേക പരിഗണനയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമമാണ് കോടതിക്ക് പ്രധാനമെന്നും രാഷ്ട്രീയം പ്രധാനമല്ലെന്നും കോടതി വ്യക്തമാക്കി.

അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് നിലവില്‍ സമര്‍പ്പിക്കെട്ട ഹര്‍ജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്‌രിവാള്‍ ഉള്‍പ്പെട്ടതായി വ്യക്തമാകുന്ന തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ്രിവാളിന്റെ വാദം കോടതി തള്ളി.

ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധിപറഞ്ഞത്. ഏപ്രില്‍ മൂന്നിന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ മൂന്നു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം വിധി പറയാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.

മദ്യനയക്കേസില്‍ മാര്‍ച്ച് 21-നാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇ.ഡി.അറസ്റ്റ് ചെയതത്. ഏപ്രില്‍ 15 വരെ കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള അദ്ദേഹത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുന്നത്.