പാലക്കാട്ടെ വീട്ടിലെ ബാർ; പ്രതി ദേവി അറസ്റ്റിൽ; ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കും
പാലക്കാട് വണ്ടിത്താവളത്തിൽ വീട്ടിൽ വച്ച് മദ്യവില്പന നടത്തിയ സംഭവത്തിൽ ബാറുടമ അറസ്റ്റിൽ. മദ്യ വിൽപന നടത്തിയ പ്രതി ദേവി അറസ്റ്റിലായി. മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവർ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കും.
ഇവർക്കെതിരെ പരാതി ലഭിച്ചിരുന്നില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരാതി ലഭിച്ചിരുന്നേൽ അന്വേഷിച്ച് കേസെടുക്കുമായിരുന്നു എന്ന് എക്സൈസ് പറഞ്ഞു. വീട്ടിൽ അനധികൃതമായി മദ്യവിൽപന നടത്തുന്നവർക്കെതിരെ നടപടിയെടുക്കുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വീര്യം കൂടിയ മദ്യമാണ് ഇവിടെ വിതരണം ചെയ്യുന്നതെന്ന് സമീപവാസികൾ പറയുന്നു. ഒരിക്കൽ വന്നവരെ വീണ്ടും വരുത്താൻ കലർപ്പിന്റെ കള്ളത്തരം ഉണ്ടെന്നു സംശയിക്കുന്നവരാണ് സമീപവാസികൾ. കയ്യിൽ കാശുണ്ടെങ്കിൽ ഏതു പ്രായക്കാർക്കും മദ്യം ലഭിക്കും.
പാലക്കാട് അത്തിമണിയിൽ ഒരു വീട് തന്നെ ബാർ ആയിട്ടും ദിവസവും നിരവധി പേർ വന്നു പോയിട്ടും എക്‌സൈസ് ഉദ്യോഗസ്ഥർ ഒരു നടപടിയും എടുത്തിട്ടില്ലായിരുന്നു. നാട്ടുകാർ നിരവധി തവണ പരാതി പറഞ്ഞിട്ടും ഫലം കണ്ടില്ല. തുടർന്നാണ് ഇടപെടൽ.