മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡിയിൽ സീറ്റ് തർക്കം; സൗഹൃദ മത്സരത്തിന് കളമൊരുങ്ങുന്നു
മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡിയിൽ സീറ്റ് തർക്കം രൂക്ഷമായതോടെ സൗഹൃദ മത്സരത്തിന് കളമൊരുങ്ങുന്നു. എൻസിപിക്കും ശിവസേന ഉദ്ദവ് വിഭാഗത്തിനുമെതിരെ ഒരോ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്താൻ കോൺഗ്രസ് നീക്കം. അനുമതി തേടി എഐസിസിയെ സമീപിച്ചു.
പരമാവധി വിട്ട് വീഴ്ചകൾ ചെയ്ത് പരമാവധി സീറ്റുകളിൽ ജയിക്കുക എന്നതാണ് മഹാവികാസ് അഖാഡിയിലെ ധാരണ. എന്നാൽ വിട്ടുവീഴ്ചയ്ക്കപ്പുറം ഘടക കക്ഷികൾക്ക് മുന്നിൽ കോൺഗ്രസ് കീഴടങ്ങിയെന്ന പരാതി പാർട്ടിക്കുള്ളിൽ ശക്തമാണ്. മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ ശിവസേന സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ് സീറ്റ് പ്രതീക്ഷിച്ചിരുന്ന സഞ്ജയ് നിരുപം പാർട്ടി വിട്ടത്. സാംഗ്ലിയിലും ഭീവണ്ടിയിലുമാണ് ഇനി വിട്ട് വീഴ്ച ചെയ്യേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തിയത്.
സാംഗ്ലിയിൽ ശിവസേന ഉദ്ദവ് വിഭാഗമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇത് ഏകപക്ഷീയമെന്ന് കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. പിന്നാലെ കോൺഗ്രസ് മത്സരിക്കാറുണ്ടായിരുന്ന ബീവണ്ടിയിൽ എൻസിപി ശരദ് പവാർ വിഭാഗവും സ്ഥാനാർഥിയെ നിർത്തി. സാംഗ്ലിയിൽ പാർട്ടിക്ക് നല്ലവേരോട്ടമുണ്ടെന്ന വാദമാണ് സേന ഉയർത്തിയതെങ്കിൽ സ്ഥാനാർഥി കരുത്തനാണെന്ന വാദമാണ് എൻസിപി ബീവണ്ടിയിൽ പറഞ്ഞത്. പല പാർട്ടികളിൽ ചാടി നടക്കുന്ന സുരേഷ് മാത്രെയാണ് ബീവണ്ടിയിലെ എൻസിപി സ്ഥാനാർഥി. രണ്ടിടത്തും ബിജെപിയാണ് കഴിഞ്ഞ തവണ ജയിച്ചത്. എഐസിസി സമ്മതം മൂളിയാൽ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ തന്നെയാണ് വ്യക്തമാക്കുന്നത്. തീരുമാനത്തോട് ഘടകകക്ഷികളുടെ നിലാപാടാണ് ഇനി അറിയേണ്ടത്.