കഴിഞ്ഞ 5 വർഷത്തിനിടെ ബിജെപി എംപി തേജസ്വി സൂര്യയുടെ സ്വത്ത് 30 ഇരട്ടിയായി
കഴിഞ്ഞ 5 വർഷത്തിനിടെ ബിജെപി എംപി തേജസ്വി സൂര്യയുടെ സ്വത്തിലുണ്ടായത് 30 ഇരട്ടിയുടെ വർധന. ഏപ്രിൽ നാലിന് നൽകിയ സത്യവാങ്മൂലത്തിലാണ് ബംഗളൂരു സൗത്ത് എംപിയുടെ സ്വത്ത് വിവരങ്ങൾ നൽകിയിരിക്കുന്നത്.
2019 ലെ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ 13.46 ലക്ഷം രൂപയായിരുന്നു തേജസ്വിയുടെ ആകെ ആസ്തി. അഞ്ച് വർഷങ്ങൾക്കിപ്പുറം എംപിയും ഭാരതീയ ജനത യുവ മോർച്ച അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ സ്വത്ത് 4.10 കോടി രൂപയാണ്. മ്യൂച്വൽ ഫണ്ടിലൂടെയും ഷെയർ മാർക്കറ്റിലൂടെയുമാണ് തേജസ്വിയുടെ സ്വത്ത് വർധിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. തേജസ്വി സൂര്യ 1.99 കോടി രൂപയാണ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചിരിക്കുന്നത്. 1.79 കോടി രൂപ ഷെയർ മാർക്കറ്റിലും നിക്ഷേപിച്ചിട്ടുണ്ട്.
തേജസ്വി സൂര്യയ്‌ക്കെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്. മതസ്പർധ, അനധികൃത സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.