ഇന്ത്യ-പാകിസ്താന്‍ നയതന്ത്ര ഇടപാടുകളില്‍ മാറ്റമുണ്ടായേക്കും; സൂചന നല്‍കി പാക് വിദേശകാര്യമന്ത്രി
ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കി പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാര്‍. 2019 ഓഗസ്റ്റ് മുതല്‍ നിര്‍ത്തിവച്ച ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് പാകിസ്താന്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ നിന്ന് വിട്ടുനിന്ന പാകിസ്താന്‍ മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും പുതിയ നിക്ഷേപങ്ങളുടെ അഭാവവും കാരണം വിദേശ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ പാടുപെടുകയാണ്.
ബ്രസല്‍സില്‍ നടന്ന ആണവോര്‍ജ്ജ ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷം ലണ്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യയുമായി വ്യാപാര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന ആലോചിക്കുമെന്ന് ഇഷാദ് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുമെന്ന് പാകിസ്താന്‍ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെ പാകിസ്താന്‍ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ശേഷം ഷഹ്ബാസ് ഷെരീഫിന് പ്രധാനമന്ത്രി മോദി അഭിനന്ദനമറിയിച്ചിരുന്നു. ഇത് പാകിസ്താനും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുമെന്ന സൂചന നല്‍കിയിരുന്നു. ഫെബ്രുവരി എട്ടിനായിരുന്നു പാകിസ്താനില്‍ തെരഞ്ഞെടുപ്പ് നടന്നത്.