National

രാധിക ശരത് കുമാർ വിരുതനഗറിൽ ബിജെപി സ്ഥാനാർത്ഥി; കേരളത്തിലെ 4 മണ്ഡലങ്ങളും ഒഴിച്ചിട്ട് നാലാം സ്ഥാനാർഥി പട്ടിക

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത നാലു മണ്ഡലങ്ങൾ ഒഴിച്ചിട്ട് ബിജെപിയുടെ നാലാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാർഥികളാണ് ഇന്നു പുറത്തിറക്കിയ പത്രികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നടി രാധിക ശരത്കുമാര്‍ വിരുതനഗറില്‍നിന്ന് മത്സരിക്കും.

രാധികയുടെ ഭര്‍ത്താവും നടനുമായ ശരത്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. രാധികയെ കൂടാതെ തമിഴ്നാട്ടിലെ 14 സ്ഥാനാർഥികളെയും ‌പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ എ.നമശിവായമാണ് ബിജെപി സ്ഥാനാർഥിയാവുക. നേരത്തെ പുതുച്ചേരി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന എ.നമശിവായും 201ൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ബിജെപിയിൽ ചേർന്നത്.

കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് എന്നീ മണ്ഡലങ്ങളിലെ സഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. വയനാട് രാഹുൽഗാന്ധി മത്സരിക്കുന്ന ലോക്സഭാ മണ്ഡലമാണ്. ഇവിടെ സിപിഐയും ദേശീയ നേതാവായ ആനി രാജയെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. കഴിഞ്ഞതവണ ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിച്ച സീറ്റിൽ ഇത്തവണ ബിജെപി സ്വന്തം സ്ഥാനാർഥിയെ തന്നെയാകും മത്സരിപ്പിക്കുക. എറണാകുളത്ത് സംവിധായകൻ മേജർ രവിയുടെ പേരും അഭ്യൂഹങ്ങളിലുണ്ട്. എന്നാൽ മറ്റു മണ്ഡലങ്ങളിൽ പ്രചാരണം മുറുകിയിട്ടും സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത് നാലു ജില്ലകളിലെയും ബിജെപി പ്രവർത്തകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.