ജെസ്‌ന കേസില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടി; ക്രൈംബ്രാഞ്ചിന് പ്രതിസന്ധിയായത് കൊവിഡെന്ന് കെ ജി സൈമണ്‍
ജസ്‌ന തിരോധാന കേസില്‍ കേരള പൊലീസിനെതിരെ കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ജെസ്‌നയെ കാണാതായി ആദ്യ 48 മണിക്കൂര്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഊര്‍ജിതമായ അന്വേഷണമുണ്ടായില്ലെന്നും ഇത് തുടരന്വേഷണ പുരോഗതിയെ ബാധിച്ചെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. തിരോധാനം സംബന്ധിച്ച് വളരെ നിര്‍ണായകമായ ആദ്യത്തെ മണിക്കൂറുകള്‍.എന്നാല്‍ ഈ സമയം പൊലീസ് വേണ്ടവിധത്തില്‍ ഇടപെടാത്തത് തെളിവുകള്‍ നശിക്കാന്‍ കാരണമായെന്നും സിബിഐ വ്യക്തമാക്കി.
എന്നാല്‍ സിബിഐ റിപ്പോര്‍ട്ട് തള്ളി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ ജി സൈമണ്‍ രംഗത്തെത്തി. കേരള പൊലീസും ക്രൈംബ്രാഞ്ചും ജെസ്‌ന കേസില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയിരുന്നെന്ന് സൈമണ്‍ പറഞ്ഞു. പൊലീസിനെ കുറ്റം പറയുന്നതിന് അപ്പുറത്തേക്ക് സിബിഐ ഈ കേസിനെ കാണണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ജെസ്‌ന അവസാനമായി യാത്ര ചെയ്ത ബസിലെ ആളുകളെ കണ്ടെത്താന്‍ അന്ന് തന്നെ സാധിച്ചിരുന്നെങ്കില്‍ ഏറെ പ്രധാനമാകുമായിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചാണ് അവരെ പിന്നീട് കണ്ടെത്തിയതും വിവരങ്ങള്‍ തേടിയതും. ജെസ്‌നയെ കണ്ടെത്താനാകുമെന്ന ക്രൈംബ്രാഞ്ച് ശുഭപ്രതീക്ഷ പങ്കുവച്ചതിനെതിരെയും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. ജെസ്‌ന എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന പ്രതീതി ജനിപ്പിക്കാന്‍ ഇത് കാരണമായെന്ന് സിബിഐ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ പരാമര്‍ശങ്ങളും തള്ളിയ കെ ജി സൈമണ്‍ കൊവിഡ് വന്നതോടെ അന്വേഷണത്തെ ബാധിച്ചെന്നും പറഞ്ഞു