Kerala

ചാലക്കുടിയിൽ അഡ്വ. ചാർലി പോൾ, എറണാകുളത്ത് അഡ്വ. ആന്‍റണി ജൂഡി; ലോക്സഭയിലേക്ക് മത്സരിക്കാൻ ട്വന്റി-20യും

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്വന്റി-20 ഒരുങ്ങിക്കഴിഞ്ഞു. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലാണ് ട്വന്റി- 20 മത്സരിക്കുന്നത്. ചാലക്കുടിയില്‍ അഡ്വ. ചാര്‍ലി പോളാണ് ട്വന്റി- 20 സ്ഥാനാർത്ഥി. എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയും മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി മത്സരത്തിൽ ആദ്യവട്ട പ്രചാരണം ട്വന്റി 20 ഇതിനോടകം പൂർത്തിയാക്കി.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന അഡ്വ. ചാര്‍ളി പോൾ (60) ഹൈക്കോടതി അഭിഭാഷകനാണ്. മലയാറ്റൂര്‍-നീലീശ്വരം സ്വദേശിയായ അഡ്വ. ചാര്‍ളി പോൾ വാഗ്മി,ട്രെയ്നർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

പഠനകാലത്ത് കാലടി ശ്രീശങ്കരാ കോളജ്-യൂണിയന്‍ ചെയര്‍മാനായിരുന്നു. നിലവില്‍ മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ്, എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററൽ, കൗൺസിൽ ജനറൽ സെക്രട്ടറി
എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.

35 വർഷത്തിനിടയിൽ 10 ലക്ഷത്താേളം പേരെ വിവിധ മേഖലകളിൽ പരിശീലിപ്പിച്ചിട്ടുണ്ട്. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതുകയും പത്തിലേറെ പുസ്തകങ്ങളും രചിച്ചിട്ടുമുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ ട്വന്‍റി 20 സ്ഥാനാർത്ഥിയായ അഡ്വ. ആന്‍റണി ജൂഡി അഭിഭാഷകൻ, യുവജനപ്രവർത്തകൻ, സംരംഭകൻ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
എറണാകുളം തേവര സ്വദേശിയായാണ്.

ഐസിവൈഎം ദേശീയ പ്രസിഡന്റ് (2022 – 24), ഐസിവൈഎം ദേശീയ ജനറൽ സെക്രട്ടറി (2020 – 22), 2023 ഡിസംബറിൽ ദുബായിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാവ്യതിയാന ഉച്ചകോടിയിൽ നിരീക്ഷകനായി പങ്കെടുത്തു. 2023-ൽ പോർട്ടുഗലിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ ഇന്ത്യയുടെ പതാകാവാഹകനായിരുന്നു ഈ 28കാരന്‍.