Kerala

‘പ്രിയങ്കയുടെ വാഹനത്തിൽ കയറാൻ 22.5 ലക്ഷം രൂപ നൽകാൻ മാത്രം മണ്ടിയാണോ പത്മജ?’; ആരോപണം തെറ്റെന്ന് എംപി വിൻസൻ്റ്

Spread the love

പത്മജയെ തള്ളി എം.പി വിൻസന്റ്. റോഡ് ഷോക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ കയറ്റാൻ പണം വാങ്ങി എന്ന ആരോപണം തെറ്റാണെന്ന് വിൻസൻ്റ് പറഞ്ഞു. വാഹനത്തിൽ കയറാൻ 22.5 ലക്ഷം നൽകാൻ മാത്രം മണ്ടിയാണോ പത്മജ? പ്രതാപനും തനിക്കും ഓരോ വോട്ട് വീതമേയുള്ളൂ. പത്മജ തൃശ്ശൂരിൽ തോറ്റത് എത്ര വോട്ടിനെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്നത്തെ തൃശൂർ ഡിസിസി പ്രസിഡന്റ് ആയിരുന്ന എംപി വിൻസൻ്റ് 22.5 ലക്ഷം രൂപ വാങ്ങി എന്നായിരുന്നു പത്മജയുടെ ആരോപണം. എന്നിട്ട് പ്രിയങ്ക ഗാന്ധി വന്നപ്പോൾ വാഹനത്തിൽ പോലും കയറ്റിയില്ലെന്നും അവർ ആരോപിച്ചു. കെ കരുണാകരന്റെ മക്കളോട് പകയാണ്. ചന്ദനക്കുറി തൊടുന്നതിന് കോൺഗ്രസുകാർ എതിർപ്പ് പറഞ്ഞു. കെ സുധാകരൻ മാത്രമാണ് ആത്മാർത്ഥമായി പെരുമാറിയത്. പാർട്ടി വിടാൻ മടിയില്ലാത്തയാളാണ് കെ മുരളീധരനെന്നും മുരളീ മന്ദിരം തന്റെയും മുരളീധരന്റെയും പേരിലാണെന്നും പത്മജ പറഞ്ഞു.

ഇവരേക്കാൾ വലിയ നേതാക്കളുണ്ട്. വല്ലാതെ ചൊറിഞ്ഞാൽ അവരുടെ പേര് പറയും. സഹോദരൻ മൂന്ന് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോൺഗ്രസുകാരാണ് ഇപ്പോൾ ബിജെപിയിൽ ഉള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നിയിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരിൽ രണ്ടാം വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നു. തോൽപ്പിച്ചതിന് പിന്നിൽ രണ്ട് നേതാക്കളാണ്.

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കും. വടകരയില്‍ മുരളീധരന്‍ സുഖമായി ജയിക്കുമായിരുന്നു. എന്തിനാണ് തൃശൂരില്‍ കൊണ്ടു നിര്‍ത്തിയതെന്ന് മനസിലാകുന്നില്ല. തൃശൂരില്‍ കാലുവാരാന്‍ ഒരുപാട് പേരുണ്ടെന്നും പത്മജ. തന്നെ തോല്‍പ്പിച്ചതില്‍ നേതാക്കള്‍ക്കും പങ്കുണ്ട്. കെ കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ കോൺഗ്രസ് വിടുമായിരുന്നുവെന്നും കെ മുരളീധരനും മറ്റ് പലരും ബിജെപിയിലേക്ക് വരുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.