ബട്ടർ ചിക്കനിൽ നിന്നുള്ള അലർജി; യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ബ്രിട്ടണിൽ ബട്ടർ ചിക്കൻ കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബറിയിൽ നിന്നുള്ള ജോസഫ് ഹിഗ്ഗിൻസൺ (27) ആണ് മരിച്ചത്. യുവാവിന് നേരത്തെ തന്നെ നട്സ് , ബദാം മുതലായവയോട് അലെർജിയുണ്ടായിരുന്നു. ഇതാണ് മരണകാരണമെന്നും ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അനാഫൈലക്സിസ് എന്നറിയപ്പെടുന്ന അലർജിയാണ് യുവാവിനെ ബാധിച്ചത്. മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഹിഗ്ഗിൻസൺ, ബദാം അടങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ബട്ടർ ചിക്കൻ കഴിക്കുകയായിരുന്നു. ഇതിന് മുൻപൊരിക്കൽ അണ്ടിപ്പരിപ്പ് അടങ്ങിയ ഭക്ഷണം കഴിച്ചിട്ട് ഇയാൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് ചിന്തിച്ചാണ് ബട്ടർ ചിക്കൻ കഴിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അലെര്‍ജി തുടങ്ങി ആദ്യം ഇഞ്ചക്ഷന്‍ എടുത്ത യുവാവ് അവശനായതോടെ ഉടന്‍ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. റോയല്‍ ബോള്‍ട്ടണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവാവ് മരിക്കുന്നത്. കുറച്ച് കാലം മുൻപാണ് ഹിഗ്ഗിൻസണ് അലെർജി സ്ഥിരീകരിക്കുന്നത്. 2022 ഡിസംബർ 28ന് ഒരു കുടുംബ ഫങ്ഷനിടെ ഭക്ഷണം കഴിക്കുന്നതിനിടെ ഹിഗ്ഗിൻസൺ കുഴഞ്ഞുവീണിരുന്നു.