കക്കയത്ത് കൊല്ലപ്പെട്ട അബ്രഹാമിൻ്റെ സംസ്കാരം ഇന്ന്; കാട്ടുപോത്തിനെ ഇന്ന് മയക്കുവെടി വെക്കും
കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ സംസ്കാരം ഇന്ന്. കക്കയം സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിൽ വൈകിട്ടാണ് സംസ്കാരം. കോഴിക്കോട് മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വന്യജീവി അക്രമത്തിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തിൽ ഇന്ന് എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമകാരിയായ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ദൗത്യ സംഘം ഇന്ന് കക്കയത്തെത്തും. അബ്രഹാമിൻ്റെ കുടുംബത്തിന് അടിയന്തര ധനസഹായമായ 10 ലക്ഷം രൂപ ഇന്ന് കൈമാറും.
ക്കയത്ത് കാട്ടുപോത്തിനെ വിരട്ടിയോടിക്കാൻ നാട്ടുകാർ തീയിട്ടിരുന്നു. തോണിക്കടവിലാണ് തീയിട്ടത്. കഴിഞ്ഞദിവസം കാട്ടുപോത്തുകൾ എത്തിയ സ്ഥലത്താണ് തീയിട്ടത്. കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. പ്രശ്നബാധിത പ്രദേശങ്ങളിൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.