Saturday, January 4, 2025
Latest:
World

കൊറിയന്‍ സഖാവിനെ അടിമയാക്കുന്ന ചൈനീസ് സഖാവ്; ചൈനയിലെ കൊറിയന്‍ നിര്‍ബന്ധിത തൊഴില്‍ പദ്ധതിയുടെ ഉള്ളറകള്‍

Spread the love

ചൈനയിലെ ഡാന്‍ഡോംഗിലുള്ള ഡോങ്ഗാങ് ജിന്‍ഹുയി ഫുഡ്സ്റ്റഫ് എന്ന സീഫുഡ് കയറ്റുമതി സ്ഥാപനത്തില്‍ ഒരു ഗംഭീര പാര്‍ട്ടി നടക്കുകയാണ്. മത്സ്യ കയറ്റുമതി ഇരട്ടിയാക്കിയതിന്റെ സന്തോഷത്തിലായിരുന്നു ആ പാര്‍ട്ടി. പാട്ടും ഡാന്‍സുമൊക്കെയായി അടിച്ചുപൊളിച്ച രാത്രി. കമ്പനിനിയിലെ ഒരാള്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ നിന്ന് കമ്പനിയുടെ കൊറിയന്‍ ബന്ധം ഏറെക്കുറെ പ്രകടമായിരുന്നു. കൊറിയന്‍ ഭാഷയിലുള്ള ലേബലുകളും ബോര്‍ഡുകളും മാത്രമല്ല, തൊഴിലാളികള്‍ക്ക് കൊറിയന്‍ ഭാഷയില്‍ മത്സ്യം വൃത്തിയാക്കുന്നത് സംബന്ധിച്ച നിര്‍ദേശം നല്‍കുന്ന പരിശീലനവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ഈ ചൈനീസ് കമ്പനിയുടെ കൊറിയന്‍ ബന്ധമെന്താണെന്ന് അന്വേഷിച്ചുചെല്ലുന്നവര്‍ക്ക് കമ്പനിയിലെ തൊഴിലാളികളിലേറെയും ഉത്തരകൊറിയയില്‍ നിന്ന് വന്നവരാണെന്ന് മനസിലാക്കാനാകും. ഒന്നുകൂടി ആഴത്തില്‍ അന്വേഷിച്ചാല്‍ അത് ഒരു സീഫുഡ് കമ്പനിയുടെ മാത്രം അവസ്ഥയല്ലെന്ന് മനസിലാക്കും. ചൈനീസ് ഫുഡ് ഫാക്ടറികളിലും മറ്റും, പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഉത്തര കൊറിയയില്‍ നിന്ന് നിരവധി തൊഴിലാളികളാണ് പണിക്കെത്തുന്നത്. ഒരു ഈച്ച പോലും അതിര്‍ത്തി വിടാതിരിക്കാന്‍ സദാ കനത്ത കാവലുള്ള കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയില്‍ നിന്ന് എങ്ങനെയാണ് ഈ ആയിരക്കണക്കിന് മനുഷ്യര്‍ ചൈനയിലെത്തിയത്? ഈ ചോദ്യത്തിന്റെ ഉത്തരം ചൈനയിലെ ഉത്തര കൊറിയയുടെ നിര്‍ബന്ധിത തൊഴില്‍ പദ്ധതിയാണ് വെളിച്ചത്തുകൊണ്ടുവരിക.

ചൈനീസ് ഉത്തരകൊറിയന്‍ ഭരണകൂടങ്ങള്‍ സഹകരിച്ചുകൊണ്ടാണ് തൊഴിലാളികളെ കൊറിയയില്‍ നിന്ന് ചൈനയിലെ കമ്പനികളിലേക്ക് എത്തിക്കുന്നത്. കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് തൊഴിലാളികളെ നിര്‍ബന്ധിത ജോലിയ്ക്കയക്കുന്നതെന്ന് ദി ന്യൂയോര്‍ക്കര്‍ മാസികയ്ക്കായി കോണ്ടേ നാസ്റ്റ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറിയയില്‍ നിന്നോ ചൈനയില്‍ നിന്നോ തൊഴിലാളികള്‍ രക്ഷപ്പെടാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഒരുക്കുക. മാത്രമല്ല നിരവധി സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ കഴിഞ്ഞാണ് കൊറിയന്‍ തൊഴിലാളികളെ ചൈനീസ് കമ്പനിയില്‍ പണിയ്‌ക്കെത്തിക്കുക. മുന്‍പ് നല്ല തൊഴിലാളിയെന്ന് പേരുകേട്ടിട്ടുള്ള, സല്‍സ്വഭാവികളായ തൊഴിലാളികളെ മാത്രമേ ചൈനയിലേക്ക് വിടൂ. കൊറിയയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആരുടെയെങ്കിലും ബന്ധുക്കളാണ് നിങ്ങളെങ്കില്‍ നിര്‍ബന്ധിത തൊഴിലിനുള്ള അനുമതി നഷ്ടമാകും. നിങ്ങളുടെ ഭാര്യയോ അമ്മയോ കുട്ടികളോ കൊറിയയില്‍ ഉണ്ടായിരിക്കണം. ചൈനീസ് കമ്പിനിയിലേക്ക് തെരഞ്ഞെടുത്തത് കൊണ്ട് മാത്രമായില്ല. കടുത്ത പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കാണം. ചൈനയുടെ ചാരന്മാരെ തിരിച്ചറിയുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തൊഴിലാളികള്‍ മനസിലാക്കിയിരിക്കണം. എംബസികളും എച്ച്ആര്‍ കമ്പനികളും വഴിയാകും തൊഴിലാളികളെ കമ്പനികളിലേക്ക് കൈമാറുക.

ഇത്രയൊക്കെ കഠിന പരിശ്രമം ആവശ്യമാണെങ്കിലും പട്ടിണിയാല്‍ വലയുന്ന ഉത്തര കൊറിയക്കാര്‍ക്ക് ചൈനയിലെ ജോലിയോട് വലിയ താത്പര്യമാണ്. പ്രതിമാസം ഇരുനൂറ്റി എഴുപത് ഡോളര്‍ ശമ്പളം വാഗ്ദാനം ചെയ്യുന്ന കരാറുകളാണ് പലപ്പോളും തൊഴിലാളികള്‍ക്ക് ചൈനയില്‍ ലഭിക്കുക. കൊറിയയിലാണെങ്കില്‍ വെറും മൂന്ന് ഡോളറാകും തൊഴിലാളികളുടെ മാസശമ്പളം. 16 മണിക്കൂറുകളാണ് പണിയെടുക്കേണ്ടി വരിക. ചൈനക്കാര്‍ക്കും കൊറിയക്കാര്‍ക്കും പ്രത്യേകം യൂണിഫോമുകളുണ്ടാകും. ചൈനീസ് മുതലാളിമാര്‍ അത്ര നല്ലരീതിയിലായിരിക്കില്ല തൊഴിലാളികളോട് പെരുമാറുക. അവധി ദിവസങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. ഡാന്‍ഡോംഗില്‍ തന്റെ കൂടെ ജോലി ചെയ്യുന്നവരില്‍ 60 ശതമാനം പേര്‍ക്കും വിഷാദരോഗമുണ്ടായിരുന്നതായി പേര് വെളിപ്പെടുത്താത്ത ഒരു കൊറിയന്‍ തൊഴിലാളി പറഞ്ഞതായി ദി ന്യൂയോര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉത്തര കൊറിയന്‍ തൊഴിലാളികള്‍ക്ക് ടിവിയോ റേഡിയോയോ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. തൊഴിലാളികള്‍ ഷോപ്പിംഗിന് പോകുമ്പോള്‍ പോലും അവരുടെ നിരീക്ഷണത്തിന് ആരെങ്കിലും ഒപ്പം കാണും. ഫാക്ടറികള്‍ സാധാരണയായി സ്ത്രീകളുടെ പണം അവരുടെ മാനേജര്‍മാര്‍ക്കാണ് നല്‍കുക. എല്ലാ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും നിശ്ചിത തുക ഉത്തരകൊറിയന്‍ സര്‍ക്കാരിനുള്ളതാണ്. വാഗ്ദാനം ചെയ്യപ്പെട്ടതില്‍ പത്ത് ശതമാനം പണം മാത്രമേ തങ്ങളുടെ കൈയില്‍ കിട്ടാറുള്ളൂവെന്ന് ചൈനീസ് തൊഴില്‍ശാലയില്‍ നിന്ന് രക്ഷപ്പെട്ട കിം ജിയൂണ്‍ എന്നയാള്‍ ന്യൂയോര്‍ക്കര്‍ മാസികയോട് പറഞ്ഞു. ചൈനീസ് തൊഴില്‍ ക്യാമ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടാല്‍ അവരെ കൊറിയയിലേക്ക് തിരിച്ചയയ്ക്കും. അവിടെ കിം ജോങ് ഉന്‍ ഭരണത്തിന്‍ കീഴില്‍ പിന്നീട് അവര്‍ക്ക് അതികഠിന ശിക്ഷകളാണ് നേരിടേണ്ടി വരിക.

അക്ഷരാര്‍ത്ഥത്തില്‍ അടിമകളാക്കപ്പെട്ട ഈ തൊഴിലാളികളുടെ ശമ്പളത്തിന്റെ സിംഹഭാഗവും കൊറിയന്‍ ഭരണകൂടമെടുക്കുമെന്ന് മുന്‍പ് പറഞ്ഞല്ലോ. സമ്പദ്വ്യവസ്ഥ തകര്‍ന്നുതരിപ്പണമായ കൊറിയയുടെ പ്രധാന കൈത്താങ്ങ് കൂടിയാണ് ഈ തൊഴിലാളികളുടെ കൂലി. 2017 ല്‍, ഉത്തര കൊറിയ ആണവ, ബാലിസ്റ്റിക് ആയുധങ്ങള്‍ പരീക്ഷിച്ചതിന് ശേഷം യുഎന്‍ ഉത്തരകൊറിയയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഉത്തരകൊറിയന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് യുഎന്‍ വിദേശ കമ്പനികളെ വിലക്കിയിരുന്നു. ഉത്തര കൊറിയക്കാരുടെ ജോലി നിര്‍ബന്ധിത തൊഴിലാളികളായി തരംതിരിക്കുകയും ഈ തൊഴിലാളികളുമായി ബന്ധിപ്പിച്ച് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യുന്ന ഒരു നിയമം യു.എസും പാസാക്കിയിരുന്നു. ചൈന അപ്പോഴും ഉത്തരകൊറിയക്കാരെ നിര്‍ബാധം റിക്രൂട്ട് ചെയ്തുകൊണ്ടേയിരുന്നു. യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ പ്രകാരം, നിലവില്‍ ഒരു ലക്ഷത്തോളം ഉത്തര കൊറിയക്കാര്‍ ചൈനയില്‍ ജോലി ചെയ്യുന്നുണ്ട്.