സമരാഗ്‌നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോൺഗ്രസിന്റെ സമരാഗ്നിക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി നഗറിൽ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയാകും.ഫെബ്രുവരി 9ന് കാസർഗോഡ് നിന്നാണ് സമരാഗ്നിക്ക് തുടക്കം കുറിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയായിരുന്നു യാത്ര.
അതേസമയം സമരാഗ്നിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാളയം മുതൽ പുത്തരിക്കണ്ടം മൈതാനം വരെ ഉച്ചയ്ക്ക് മൂന്ന് മുതലാണ് നിയന്ത്രണം. തിരക്കനുഭവപ്പെട്ടാൽ വാഹനങ്ങൾ വഴി തിരിച്ചു വിടുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റിയോഗവും നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥികളേക്കുറിച്ചുള്ള പ്രത്യേക ചട്ടക്കൂട് നിർമിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഹരീഷ് ചൗധരി അധ്യക്ഷനായ മൂന്നംഗസമിതിയാണ് ഇന്നത്തെ യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
പ്രക്ഷോഭ ജാഥ ഇവിടെ അവസാനിക്കുന്നില്ലെന്നും ജനകീയ പ്രതിരോധത്തിന്റെ തുടക്കമാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിരുന്നു. കോൺഗ്രസിനെ സജ്ജമാക്കാനുള്ള ആത്മവിശ്വസത്തോടെ, ജനകീയ പ്രതിരോധത്തിന്റെ ആവേശക്കടൽ തീർത്താണ് സമരാഗ്‌നി തിരുവനന്തപുരത്ത് എത്തിച്ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു.