എതിർ സ്ഥാനാർത്ഥി ആര് എന്നതിൽ അല്ല കാര്യം, വ്യക്തിത്വമാണ് പ്രധാനം; പ്രധാനമന്ത്രിക്ക് വേണമെങ്കിലും മത്സരിക്കാം’; പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരത്ത് എതിർ സ്ഥാനാർത്ഥി ആര് എന്നതിൽ അല്ല കാര്യം വ്യക്തിത്വമാണ് പ്രധാനമെന്ന് സിപിഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. തിരുവനന്തപുരത്ത് പ്രധാനമന്ത്രിക്ക് വേണമെങ്കിലും മത്സരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് പൊതുപ്രശ്‌നം വരുമ്പോൾ ജനങ്ങളുടെ കൂടെ നിൽക്കുകയെന്നത് പൊതുപ്രവർത്തകന്റെ കടമയാണെന്നും അതാണ് താൻ നിർവഹിച്ചതെന്ന് സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതികരണം.
ബിജെപിയക്ക് രണ്ടക്ക് സീറ്റ് ലിഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തോടും പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു. സ്വപ്നങ്ങൾ ആർക്കുവേണമെങ്കിലും കാണാമെന്നും കയ്യിൽ ഉണ്ടായിരുന്ന ഒരു സീറ്റ് പോയി വട്ടപ്പൂജ്യമായില്ലേയെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. കേരളത്തിന് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങൾ പോലും കേന്ദ്രം നൽകുന്നില്ലയെന്ന് അദ്ദേഹം വിമർശിച്ചു.
കേന്ദ്രം നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. കേരളത്തിലെ സർക്കാർ കേന്ദ്രത്തിന്റെ കണ്ണിലെ കരടാണ്. പ്രതിപക്ഷ കക്ഷികൾ കേന്ദ്രഭരണത്തിന് താളം തുള്ളുന്നുവെന്നും കോൺഗ്രസിന് അസാധാരണ മൗനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ലോക് സഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ തീരുമാനിച്ചിരുന്നു. മാവേലിക്കരയിൽ സി എ അരുൺകുമാറും തൃശൂരിൽ വി എസ് സുനിൽകുമാറും സ്ഥാനാർത്ഥികളാകും. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും വയനാട്ടിൽ ആനി രാജയും മത്സരിക്കും.സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവിന്റേതാണ് തീരുമാനം.