ഉയർന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്
സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 °C വരെ കൂടാൻ സാധ്യതയെ ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം, പാലക്കാട് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്.
ഈ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
മാർച്ച് മാസമാകുന്നതിനു മുമ്പു തന്നെ കേരളത്തിൽ താപനില കൂടി വരികയാണ്. സൂര്യാഘാതത്തിനുള്ള സാധ്യതകളിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. അന്തരീക്ഷതാപം ഒരു പരിധിയിലപ്പുറം ഉയർന്ന് ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ശരീരത്തിന്റെ പല പ്രവർത്തനങ്ങളും തകരാറിലാകുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. സൂര്യപ്രകാശം ഏറ്റവും കടുത്ത അവസ്ഥയിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്നു മണി വരെയാണ് ഏറ്റവുമധികം സൂര്യാഘാത സാധ്യത. പത്തു വയസ്സിൽ താഴെയും അറുപതു വയസ്സിനു മുകളിലുമുള്ളവർക്കാണ് സൂര്യാഘാത സാധ്യത ഏറ്റവും കൂടുതൽ. ചികിത്സിച്ചില്ലെങ്കിൽ തലച്ചോറും ഹൃദയവും വൃക്കകളും പേശികളും തകരാറിലാകാനുള്ള സാധ്യതയുണ്ട്. മരണം വരെ സംഭവിക്കാം.