National

യുവ കർഷകൻ കൊല്ലപ്പെട്ട സംഭവം: പഞ്ചാബ് സർക്കാരിനെതിരെ കർഷക സംഘടനകൾ

Spread the love

കർഷക സമരത്തിനിടെ യുവ കർഷകൻ ശുഭ് കരൺ കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബ് സർക്കാരിനെതിരെ കർഷക സംഘടനകൾ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഭഗവന്ത് മാൻ കർഷകർക്കൊപ്പമാണോ എന്ന് നിലപാട് വ്യക്തമാക്കണമെന്നും കിസാൻ മസ്ദൂർ സംഘർഷ് സമിതി പ്രസിഡൻ്റ് സുഖ് വിന്ദർ സിംഗ് സബ്ര പറഞ്ഞു.

കൊലപാതകത്തിൽ കേസെടുക്കാൻ വൈകുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. ശുഭ് കരണിനെ രക്തസാക്ഷിയായി പഞ്ചാബ് സർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർ തെരുവിൽ കിടന്ന് മരിക്കുകയാണ്. സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സുഖ് വിന്ദർ സിംഗ്.

ശുഭ് കരൺ സിംഗിൻ്റെ മരണത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരം കുടുംബം നേരത്തെ നിഷേധിച്ചിച്ചിരുന്നു. മകൻ്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും പണമല്ല മകന് നീതിയാണ് വേണ്ടതെന്നും കുടുംബം. ശുഭ് കരണിൻ്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നൽകുമെന്നും പഞ്ചാബ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. മകൻ്റെ മരണത്തിന് പകരം വയ്ക്കാൻ ഒരുകോടി രൂപയ്ക്കോ കുടുംബാംഗങ്ങളിൽ ഒരാൾക്കുള്ള ജോലിക്കോ സാധിക്കില്ല എന്നും കുടുംബം ആരോപിച്ചു.