ലോക്‌സഭാ തെരഞ്ഞെടുപ്പ്; യുപിയില്‍ 17 സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 17 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 63 സീറ്റുകളില്‍ അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും ഇന്ത്യ മുന്നണിയിലെ മറ്റ് ഘടകക്ഷികളും മത്സരിക്കും. കോണ്‍ഗ്രസുമായി ചേര്‍ന്ന് തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സമാജപാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചു. സംസ്ഥാനത്തെ ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടനത്തില്‍ അഖിലേഷ് യാദവ് പങ്കെടുക്കും.
ഇന്ത്യ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ പ്രതിസന്ധി നേരിട്ട മറ്റൊരു സംസ്ഥാനം ആയിരുന്നു ഉത്തര്‍പ്രദേശ്. സമാജ് വാദി പാര്‍ട്ടി ആദ്യം മുന്നോട്ടുവച്ച ഫോര്‍മുല കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ 17 സീറ്റുകള്‍ വരെ നല്‍കാമെന്നായിരുന്നു സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനെ അറിയിച്ചത്.
ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കില്ലെന്ന സൂചനയും എസ്പി മേധാവി അഖിലേഷ് യാദവ് നല്‍കി.സീറ്റ് വിഭജന ചര്‍ച്ചകള്‍ ഫലം കണ്ടതോടെയാണ് കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയത്.
ഉത്തര്‍പ്രദേശിലെ 17 ലോകസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കും.രാഹുല്‍ ഗാന്ധിയുമായി തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്ന് പറഞ്ഞ അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കും. ഈ മാസം 24ന് പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമാകുന്ന ഘട്ടത്തില്‍ അഖിലേഷും പങ്കെടുക്കുമെന്നാണ് വിവരം