ആലപ്പുഴയില്‍ വീണ്ടും എ എം ആരിഫ്? സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ വീണ്ടും എ എം ആരിഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിയായി എ എം ആരിഫിന്റെ പേര് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ആലപ്പുഴ, ഹരിപ്പാട് ഏരിയ കമ്മിറ്റികള്‍ക്ക് ഇന്ന് ചേര്‍ന്ന യോഗത്തില്‍ പുതിയ ഏരിയ സെക്രട്ടറിമാരേയും നിശ്ചയിച്ചു.
ഇതിന് മുന്‍പ് നടന്ന ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉള്‍പ്പെടെ ആരിഫിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കൂടി പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തില്‍ ഈ തീരുമാനത്തിന് അംഗീകാരം ലഭിക്കുകയായിരുന്നു.
കടുത്ത വിഭാഗീയതയെത്തുടര്‍ന്ന് സെക്രട്ടറിമാരെ നീക്കം ചെയ്തിരുന്ന ഏരിയ കമ്മിറ്റികള്‍ക്ക് പുതിയ സെക്രട്ടറിമാരെ ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ട്. മുന്‍പ് ചുമതല നല്കിയ സെക്രട്ടറിമാരെ ഒഴിവാക്കാനും തീരുമാനമായി. അജയ് സുധീന്ദ്രനെ ആലപ്പുഴ ഏരിയ സെക്രട്ടറിയായും സി പ്രസാദിനെ ഹരിപ്പാട് ഏരിയ സെക്രട്ടറിയായും തെരഞ്ഞെടുത്തു.