National

സദാസമയം ഫോണിൽ; ഭർത്താവ് ഫോൺ പിടിച്ചു വാങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

Spread the love

ഭർത്താവ് ഫോൺ പിടിച്ചു വാങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഭിലായിലാണ് സംഭവം. ഭർത്താവുമായി വഴക്കിട്ട യുവതി, മുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യയുടെ അമിത മൊബൈൽ ഉപയോഗത്തിൽ സഹികെട്ടാണ് ഫോൺ പിടിച്ചുവാങ്ങിയതെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു.

വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. ടൈൽസ് തൊഴിലാളിയായ ഭൂപേന്ദ്ര സാഹുവിൻ്റെ ഭാര്യ രചന സാഹുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറുവർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള ഒരു മകളുണ്ട്. രചനയുടെ അമിത മൊബൈൽ ഉപയോഗത്തെ ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ്.

വെള്ളിയാഴ്ച ഉച്ചയോടെ യുവാവ് ഭാര്യയുടെ മൊബൈൽ ഫോണും എടുത്ത് പുറത്തേക്ക് പോയി. ഇതിൽ മനംനൊന്ത് രചന മുകൾ നിലയിലുള്ള മുറിയിൽ കയറി വാതിൽ അടച്ചു. ഈ സമയം അമ്മായിയമ്മയും ഭർതൃസഹോദരിയും മകളും വീട്ടിലുണ്ടായിരുന്നു. പിന്നീട് കുട്ടിയുടെ നിലവിളി കേട്ട് ഇരുവരും മുകളിലെത്തി വാതിൽ തുറന്നപ്പോഴാണ് രചനയെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.

യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ സദാസമയവും മൊബൈലിലാണ്. വീട്ടുജോലിയോ മകളെ പരിപാലിക്കുകയോ ചെയ്തിരുന്നില്ല. റീലുകളും, ഇൻസ്റ്റഗ്രാം വീഡിയോകളും ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്യാനായിരുന്നു താല്പര്യം. മൊബൈൽ ഉപയോഗം കുറയ്ക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും അനുസരിക്കാൻ രചന തയ്യാറായില്ല. ഇതേ ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു. സഹികെട്ടാണ് മൊബൈൽ പിടിച്ചു വാങ്ങിയതെന്നും ഭർത്താവ്.