മിഷന്‍ ബേലൂര്‍ മഖ്‌ന; കാട്ടാന മാനിവയല്‍ ഭാഗത്ത്; തിരുനെല്ലിയില്‍ ആറു വാര്‍ഡുകളില്‍ നിരോധനാജ്ഞ
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന മാനിവയല്‍ അമ്മക്കാവ് ഭാഗത്ത്. ആന നിലവിലുള്ളത് വനത്തോട് ചേര്‍ന്ന ജനവാസ മേഖലയിലായതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. തിരുനെല്ലിയിലെ ആറു വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ഥലത്ത് ആര്‍ആര്‍ടി സംഘം എത്തിയിട്ടുണ്ട്. ബേഗൂര്‍, ചേലൂര്‍, കുതിരക്കോട്, പനവല്ലി, ആലത്തൂര്‍, ബാവലി വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 9.30 ഓടെ തോല്‍പ്പെട്ടി റോഡ് കടന്ന് ആലത്തൂര്‍ – മാനിവയല്‍ – കാളിക്കൊല്ലി ഭാഗത്തെ വനമേഖലയിലേക്ക് ആന എത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ബേലൂര്‍ മഖ്നക്കൊപ്പം മറ്റൊരു മോഴയാന കൂടിയുണ്ട്. ഇത് ദൗത്യം ഒന്നുകൂടി ദുഷ്‌കരമാക്കിയിട്ടുണ്ട്
ഇന്നലെ ആനയെ മയക്കുവെടി വെക്കാന്‍ കഴിയാതെ വന്നതോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ ഒപ്പമുള്ള മോഴയാന ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുക്കുകയും ചെയ്തു. ആര്‍ആര്‍ടി സംഘം വെടിയുതിര്‍ത്താണ് മോഴയെ തുരത്തിയത്. കുറ്റിക്കാട്ടില്‍ ഒളിച്ചും ബേലൂര്‍ മഖ്‌ന ദൗത്യസംഘത്തെ വട്ടം കറക്കി. കുംകിയാനയുടെ മുകളില്‍ ഏറിയും മരത്തിന്റെ മുകളില്‍ കയറിയും ബേലൂര്‍ മഖ്‌നയെ മയക്കുവെടിവെക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.