യുപി നിയമസഭയിലെ എല്ലാ അംഗങ്ങളും യോഗിയ്‌ക്കൊപ്പം ഇന്ന് അയോധ്യ രാമക്ഷേത്രം സന്ദർശിക്കും
ഉത്തർപ്രദേശ് നിയമസഭയിലെ എല്ലാ അംഗങ്ങളും ഇന്ന് അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തും. ഫെബ്രുവരി 11 ന് രാംലല്ലയുടെ ദർശനത്തിനായി എല്ലാ അംഗങ്ങളും അയോദ്ധ്യയിലേക്ക് പോകണമെന്ന് മുഖ്യമന്ത്രി യോഗി ബുധനാഴ്ച തന്നെ അഭ്യർത്ഥിച്ചിരുന്നു . നിയമസഭാ സ്പീക്കർ സതീഷ് മഹാന എല്ലാ അംഗങ്ങളേയും അയോദ്ധ്യ ദർശിക്കാൻ ക്ഷണിച്ചിട്ടുണ്ട്.
ഇതിനായി ട്രാൻസ്‌പോർട്ട് കോർപറേഷന്റെ 10 സൂപ്പർ ലക്ഷ്വറി/പ്രീമിയം ബസുകൾ സജ്ജമാക്കും . ബസുകളുടെ ലഭ്യത ഉറപ്പാക്കാൻ യോഗി സർക്കാരിന് വേണ്ടി ഉത്തർപ്രദേശ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എല്ലാ അംഗങ്ങളെയും കൊണ്ടുപോകുന്നതിനായി ഈ ബസുകൾ വിധാൻ ഭവന് മുന്നിൽ രാവിലെ 8:15 ന് എത്തും . ബസുകളിൽ അഗ്നിശമന ഉപകരണങ്ങൾ ഉണ്ടായിരിക്കണം. കൂടാതെ പ്രഥമശുശ്രൂഷ കിറ്റുകളും ഉണ്ടായിരിക്കണം തുടങ്ങി നിർദേശങ്ങളും നൽകിയിട്ടുണ്ട്.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് അയോദ്ധ്യ വിമാനത്താവളത്തിലെത്തും. ഇതിന് ശേഷം മന്ത്രി സഭാംഗങ്ങൾക്കൊപ്പം ദർശനത്തിന് പോകും.