Kerala

ചികിത്സാചെലവ് നൽകി ബന്ധുക്കൾ, മൃതദേഹം വേണ്ട; സ്വവർഗപങ്കാളിയുടെ മൃതദേഹം വേണമെന്ന് പങ്കാളി ഹൈക്കോടതിയിൽ

Spread the love

കൊച്ചി: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച സ്വവർഗപങ്കാളിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം മുണ്ടക്കയം സ്വദേശിയായ പങ്കാളി ഹൈക്കോടതിയിൽ. ഹർജിയിൽ പൊലീസിന്‍റെയും സ്വകാര്യ ആശുപത്രിയുടെയും വിശദീകരണം തേടിയിരിക്കുകയാണ് ഹൈക്കോടതി. വിഷയത്തിൽ നാളെ മറുപടി നൽകാൻ സിംഗിൾ ബഞ്ച് നിർദ്ദേശം നൽകി. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കഴിഞ്ഞ ഞായറാഴ്ച മരിച്ച മനുവിന്‍റെ മൃതദേഹം ഏറ്റെടുക്കാൻ അനുമതി തേടിയാണ് പങ്കാളിയായ ജെബിൻ കോടതിയെ സമീപിച്ചത്.

മനുവുമായി അകന്ന് നിൽക്കുന്ന ബന്ധുക്കൾ ആശുപത്രിയിലെ ചികിത്സാ ചെലവ് നൽകിയെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് ഒരു വർഷമായി ഒരുമിച്ച് കഴിയുന്ന ജെബിൻ ആശുപത്രിയെ സമീപിച്ച് മൃതദേഹം വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ അനന്തരാവകാശി ആണെന്നതിന് രേഖകളില്ലാത്തതിനാൽ മൃതദേഹം വിട്ട് നൽകാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യുവാവ് കോടതിയിലെത്തിയത്. കേസിൽ ബന്ധുക്കളുടെ നിലപാട് അറിയിക്കാൻ കളമശ്ശേരി പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി അധികൃതരും നാളെ വിശദീകരണം നൽകണം. തുടർന്നായിരിക്കും കോടതിയുടെ നടപടിയുണ്ടായിരിക്കുക.