മന്ത്രി ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫിൽ 17 അംഗങ്ങൾ; സർക്കാർ ഉത്തരവ്
ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാറിന് പേഴ്ണൽ സ്റ്റാഫുകളെ അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 17 സ്റ്റാഫുകളെയാണ് അനുവദിച്ചത്. നേരത്തെ രണ്ടുപേരെ നിയമിച്ചിരുന്നു.ഇതോടെ ആകെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 19 ആയി. പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കുമെന്നായിരുന്നു മന്ത്രി നേരത്തെ അറിയിച്ചിരുന്നത്. പൊതുഭരണവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
സത്യപ്രതിജ്ഞക്ക് മുമ്പാണ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറക്കുമെന്ന് ഗണേഷ്കുമാർ അറിയിച്ചിരുന്നത്. എന്നാൽ ഈ പ്രഖ്യാപനം നടപ്പിലായില്ല. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പേഴ്സണൽ സ്റ്റാഫംഗങ്ങളുടെ എണ്ണം കുറക്കുമെന്നായിരുന്നു ഗണേഷ് കുമാർ ആദ്യം പ്രഖ്യാപിച്ചിരുന്നത്.
പരമാവധി 25 പേരെ ഒരു മന്ത്രിക്ക് പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താം. ഗണേഷ്കുമാറിന്റെ പിഎസിന്റെയും ഒരു ഡ്രൈവറുടെയും ഉത്തരവാണ് ആദ്യം പുറത്തിറക്കിയത്. തുടർന്നാണ് മുഴുവൻ സ്റ്റാഫുകളെയും ഉൾപ്പെടുത്തി ഇപ്പോൾ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.