Wednesday, January 15, 2025
Latest:
National

ഝാര്‍ഖണ്ഡ് കടുവ’; ചംപൈ സോറന്‍ ഝാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Spread the love

ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെ ചംപൈ സോറന്‍ ഝാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ 10 ദിവസത്തെ സമയമാണ് ചംപൈ സോറന് അനുവദിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആദിവാസികള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് ചംപൈ സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഹേമന്ത് സോറന്‍ തുടങ്ങിവച്ച എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ചംപൈ സോറന്‍ പറഞ്ഞു. മുന്‍പ് ഹേമന്ത് സോറന്‍ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ചംപൈ സോറന്‍.

ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെ മുതിര്‍ന്ന നേതാവാണ് ചംപൈ സോറന്‍. പ്രത്യേക ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് 1990കളില്‍ നേതൃത്വം കൊടുത്തതിന്റെ ആദരസൂചകമായി ചംപൈ സോറനെ ജനങ്ങള്‍ ഝാര്‍ഖണ്ഡ് കടുവയെന്നാണ് വിശേഷിപ്പിക്കാറുള്ളത്. 2010 സെപ്തംബര്‍ മുതല്‍ 2013 ജനുവരി വരെ അര്‍ജുന്‍ മുണ്ടയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ ചംപൈ സോറന്‍ ക്യാബിനറ്റ് മന്ത്രിയായിരുന്നു.

എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതിനിടെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ചംപൈ സോറനെ ഗവര്‍ണര്‍ ക്ഷണിച്ചത്. ബിജെപി അട്ടിമറിനീക്കം നടത്തുന്നതായി ജെഎംഎം ആരോപിച്ചതിന് പിന്നാലെയാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കം നടന്നത്. ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെ ബിജെപി ഭരണ അട്ടിമറി നീക്കങ്ങള്‍ നടത്തുന്നുവെന്നായിരുന്നു ജെഎംഎം പാര്‍ട്ടിയുടെ ആരോപണം.അഭ്യൂഹങ്ങള്‍ ശക്തമായതോടെ ഭരണകക്ഷി എംഎല്‍എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണം നല്‍കാത്തത് ബിജെപിയുടെ അട്ടിമറി നീക്കത്തിലുള്ള കൂട്ടുനില്‍പ്പാണെന്ന് ജെഎംഎം ആരോപിച്ചതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ ക്ഷണം.