Kerala

‘മകൾ മാത്രമല്ല മുഖ്യമന്ത്രിയും മാസപ്പടി വാങ്ങിയിട്ടുണ്ട്, പിണറായി രാജിവെക്കണം; കെ.സുരേന്ദ്രൻ

Spread the love

എക്സാലോജിക്ക് കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയ കേസിൽ വീണാ വിജയനെതിരെ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് സർക്കാർ അനുമതി നിഷേധിച്ചത് ജനാധിപത്യവിരുദ്ധമാണ്. മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ എത്താതെ ഒളിച്ചോടിയതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

മകൾ മാത്രമല്ല മുഖ്യമന്ത്രിയും മാസപ്പടി വാങ്ങിയിട്ടുണ്ട്. വീണയുടെ കമ്പനിക്ക് കെഎംആർഎൽ മാസപ്പടി കൊടുക്കാൻ കാരണം മുഖ്യമന്ത്രിയുടെ വഴിവിട്ട സഹായം ലഭിക്കാനാണ്. മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും കരിമണൽ കമ്പനിക്ക് ചെയ്ത് കൊടുത്ത സഹായങ്ങളെല്ലാം പുറത്തുവരുകയും ചെയ്തതാണ്. ഈ സാഹചര്യത്തിൽ ഇനിയും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അർഹതയില്ല. പ്രതിപക്ഷത്തിന് മുഖ്യമന്ത്രിക്കെതിരായ ആരോപണം ഉന്നയിക്കുന്നതിൽ ആത്മാർത്ഥതയില്ല. വിഡി സതീശൻ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിലുള്ള നരേന്ദ്രമോദി സർക്കാർ അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കും. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്ര ബഡ്ജറ്റിനെതിരെ രംഗത്ത് വന്നത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ്. 15ാം ധനകാര്യ കമ്മീഷൻ ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റി ഗ്രാന്റ്കൊടുത്തത് കേരളത്തിനാണ്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാളും 2220 കോടി രൂപ നികുതി വിഹിതത്തിൽ മാത്രം കേരളത്തിന് കൂടുതൽ ലഭിക്കും. റെയിൽവെ വികസനത്തിൽ യുപിഎ സർക്കാരിനേക്കാൾ ഏഴിരട്ടി അധികമാണ് ഇത്തവണത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. എന്നിട്ടും കേന്ദ്രത്തെ പഴിചാരുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.