‘കൊല്ലം, വിഴിഞ്ഞം, ബേപ്പൂർ’ പട്ടികയിലേക്ക് മറ്റൊരു തുറമുഖവും’; അഴീക്കലിനും ഐഎസ്പിഎസ് സ്ഥിരം സെക്യൂരിറ്റി കോഡ്
തിരുവനന്തപുരം: അഴിക്കല്‍ തുറമുഖത്തിനും ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി കോഡ് സ്ഥിരം അംഗീകാരം ലഭിച്ചെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഇതോടെ തുറമുഖത്തിന് പുതിയ വികസന സാധ്യതയാണ് തെളിഞ്ഞിരിക്കുന്നതെന്നും പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തില്‍ നേട്ടം വലിയ നാഴികക്കല്ലാകുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളെയും പ്രവര്‍ത്തന സജജമാക്കുകയെന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായിട്ടാണ് ചെറുകിട തുറമുഖങ്ങള്‍ക്കും ഐഎസ്പിഎസ് അംഗീകാരം നേടാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതെന്നും മന്ത്രി അറിയിച്ചു.
വിഎന്‍ വാസവന്‍ പറഞ്ഞത്: ”വീണ്ടും നേട്ടവുമായി തുറമുഖ വകുപ്പ്. കൊല്ലം, വിഴിഞ്ഞം, ബേപ്പൂര്‍ തുറമുഖങ്ങള്‍ക്ക് പിന്നാലെ അഴിക്കല്‍ തുറമുഖത്തിനും ഐഎസ്പിഎസ് (ഇന്റര്‍ നാഷണല്‍ ഷിപ്പിംഗ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി കോഡ്) സ്ഥിരം അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര കപ്പലുകള്‍ അടുക്കുന്നതിനും തുറമുഖങ്ങള്‍ക്കുള്ള സുരക്ഷ ഉറപ്പക്കുന്നതിനുമുള്ള സ്ഥിരമായ അനുമതിയായ ഇന്റര്‍നാഷണല്‍ ഷിപ്സ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ISPS) കോഡ് സ്ഥിരമായി ലഭിച്ചതോടെ തുറമുഖത്തിന് പുതിയ വികസന സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഇന്നലെയാണ് ബേപ്പൂര്‍ തുറമുഖത്തിനും സ്ഥിരം ഐ എസ് പി എസ് കോഡ് ലഭിച്ചത്. അതിനു പിന്നാലെയാണ് അഴീക്കലിനും ഈ നേട്ടം സ്വന്തമായത്. വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ തുറമുഖം യാഥാര്‍ഥ്യമാകുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളെയും പ്രവര്‍ത്തന സജജമാക്കുകയെന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായിട്ടാണ് ചെറുകിട തുറമുഖങ്ങള്‍ക്കും ഐഎസ്പിഎസ് അംഗീകാരം നേടാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്. സംസ്ഥാനത്തിന്റെ പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തില്‍ ഈ നേട്ടം വലിയ നാഴികക്കല്ലാകും.”
വിഷയത്തില്‍ കെവി സുമേഷ് എംഎല്‍എയുടെ പ്രതികരണം: ”അന്താരാഷ്ട്ര കപ്പലുകള്‍ അടുക്കുന്നതിനും തുറമുഖങ്ങള്‍ക്കുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള International ship and Port facility (ISPS) സ്ഥിരം സെക്യൂരിറ്റി കോഡ് അഴീക്കല്‍ തുറമുഖത്തിന് വികസനത്തിന് വലിയ നാഴിക കല്ലാണ്. നേരത്തെ വിദേശത്തുനിന്നുള്‍പ്പെടെ ചരക്ക് കൊണ്ടുവരുന്നതിന് പ്രത്യേക അനുമതി വേണ്ടിയിരുന്നു. അഴീക്കല്‍ പോര്‍ട്ടിലേക്ക് വരുന്ന ചരക്കുകള്‍ കൊച്ചിയില്‍ വന്ന് അനുമതി വാങ്ങിയശേഷമായിരുന്നു പോര്‍ട്ടിലേക്ക് കൊണ്ടുവന്നിരുന്നത്. ഐ.എസ്.പി.എസ് കോഡ് ലഭ്യമായതോടുകൂടി നേരിട്ട് തന്നെ അഴീക്കല്‍ പോര്‍ട്ടിലേക്ക് വിദേശ ചരക്കുകള്‍ കൊണ്ടുവരാന്‍ സാധിക്കും. എം.എല്‍.എ.യായി തിരഞ്ഞെടുത്തതിനു ശേഷം ഐ എസ് പി എസ് കോഡ് നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു. വിവിധ യോഗങ്ങള്‍ ചേര്‍ന്ന് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ഒരു ടീമായി വര്‍ക്ക് ചെയ്തു. വളരെ ശക്തമായ ഇടപെടലിന്റെയും പ്രവര്‍ത്തനത്തിന്റെയും ഭാഗമായിട്ടാണ് ഐ.എസ്.പി.എസ് കോഡ് ലഭിച്ചത്. കൂടെ നിന്ന് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.”