ബിഹാറിലെ ബജറ്റ് സമ്മേളനം നീട്ടിവക്കാൻ തീരുമാനം
ബിഹാറിലെ ബജറ്റ് സമ്മേളനം നീട്ടിവക്കാൻ മന്ത്രി സഭയോഗത്തിൽ തീരുമാനം. മന്ത്രി സഭ വികസനം ഉടൻ ഉണ്ടാകും. ആർ ജെ ഡി സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി എൻ ഡി എ അംഗങ്ങൾ.നിതീഷ് വിരുദ്ധരെ കൂടെ നിർത്താൻ ആർ ജെ ഡി യും കോൺഗ്രസും നീക്കങ്ങൾ ആരംഭിച്ചു. ബീഹാറിന്റ വികസനമാണ് ലക്ഷ്യമെന്നും, ലോകസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിക്കുമെന്നും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗദരി പറഞ്ഞു.
മന്ത്രിസഭ പൂർണ്ണമല്ലാത്ത സാഹചര്യത്തിലാണ്, ഫെബ്രുവരി 5 ന് ചേരാൻ മഹാ സഖ്യ സർക്കാർ നിശ്ചയിച്ചിരുന്ന ബജറ്റ് സമ്മേളനം മാറ്റി വെക്കാനുള്ള എൻഡിഎ സർക്കാരിന്റെ തീരുമാനം. ഈ ആഴ്ച തന്നെ മന്ത്രി വിപുലീകരണം പൂർത്തിയാക്കി, പുതിയ തീയതി പ്രഖ്യാപിക്കും.
സാമുദായിക സമവാക്യങ്ങൾ പൂർണ്ണമായും പാലിചാകും മന്ത്രി സഭാ വികസനം എന്ന് എൻ ഡി എ നേതൃത്വം അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനമാണ് എൻഡിഎ സർക്കാരിന്റെ ലക്ഷ്യമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും വിജയിക്കും എന്നും, ബിഹാർ ബിജെപി അധ്യക്ഷനും ഉപ മുഖ്യമന്ത്രി യുമായ സാമ്രാട്ട് ചൗദരി പറഞ്ഞു.
ബിഹാറിൽ എൻ ഡി എ സർക്കാർ രൂപീകരണത്തിനു പിന്നാലെ ആർജെഡി അംഗമായ സ്പീക്കർ അവദ് ബീഹാറി ചൗദരി ക്കെതിരെ എൻ ഡി എ അംഗങ്ങൾ ആവിശ്വാസ പ്രമേയ നോട്ടീസ് നൽകി. നീക്കത്തെ സഭയിൽ നേരിടുമെന്ന് ആർ ജെ ഡി വ്യക്തമാക്കി.
നിതീഷ് വിരുദ്ധരായ ഉപേന്ദ്ര കുഷ്വാഹ, ജിതൻ റാം മാഞ്ചി, മുകേഷ് സഹനി എന്നിവരെ കൂടെ നിർത്താൻ ആർ ജെ ഡി യും കോൺഗ്രസ്സും നീക്കങ്ങൾ ആരംഭിച്ചു.